ബ്രസീലിയ: ലോകത്ത് 90 ലക്ഷം കൊവിഡ് രോഗികൾ. ഇന്നലെ 183,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തി. ലോകത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധയാണ് ഇത്. ബ്രസീലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ മാത്രം 54,771 പേർക്ക് രോഗം ബാധിച്ചു. ബ്രസീലിൽ ഒരു വശത്ത് നിയന്ത്രണങ്ങൾ പിൻവലിച്ച് നഗരങ്ങൾ തുറക്കുമ്പോൾ, മറുവശത്ത് കൂടുതൽ പേർ രോഗത്തിന്റെ പിടിയിലാകുകയാണ്. 30000 ലേറെ പേർക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ആകെ മരണം - 50,659. രോഗികൾ - പത്ത് ലക്ഷത്തിലധികം.
അതേസമയം, അമേരിക്കയിൽ ഇന്നലെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. രണ്ടാഴ്‍ചയോളമായി നിരവധി സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത്. കൂടുതൽ സംസ്ഥാനങ്ങൾ ഇളവുകൾ പ്രഖ്യാപിക്കുന്നതിനിടെയാണ് പുതിയ രോഗികളുടെ എണ്ണവും ഉയരുന്നത്. 20000 ലേറെ പേർ ദിനവും രോഗബാധിതരാകുന്നുണ്ട്. എന്നാൽ, പ്രതിദിന മരണസംഖ്യ 500ൽ താഴെയാണ്.
ചൈനയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ ഭൂരിഭാഗവും തലസ്ഥാനമായ ബീജിംഗിലാണ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ബീജിംഗിൽ പരിശോധന വ്യാപകമാക്കി. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ലക്ഷണങ്ങളില്ലാത്തവരാണ്.
ലോകത്ത് മരണം - 4.71
ഭേദമായവർ - 48 ലക്ഷം
റഷ്യയിൽ ഇന്നലെയും 7000ത്തിലധികം കേസുകൾ. രോഗികൾ ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. എന്നാൽ, പ്രതിദിന മരണം 100ൽ താഴെ എത്തിയത് ആശ്വാസം പകരുന്നു. ആകെ മരണം - 8,206.
ന്യൂസിലാൻഡിൽ രണ്ട് പുതിയ കേസുകൾ. നിലവിൽ ഒൻപത് പേർ രാജ്യത്ത് ചികിത്സയിലുണ്ട്.