
ന്യൂഡൽഹി: ചൈനയെ നേരിടാൻ ഉയരമേറിയ പർവത നിരകളിൽ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. 3,488 കിലോമീറ്റർ വരുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തിൽ ഒരു ദശകത്തിലധികമായി പരിശീലനം നേടിയ പ്രത്യേക സേനയെ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. റോഡുകളിൽ യുദ്ധ വാഹനങ്ങളിൽ നിങ്ങുന്ന പി.എൽ.എയിൽ നിന്ന് വ്യത്യസ്തമായി ഈ സൈനിക വിഭാഗം ഗറില്ല യുദ്ധത്തിലും കാർഗിൽ യുദ്ധത്തിലേത് പോലെ ഉയർന്ന മേഖലയിൽ പോരാടുന്നതിലും പരിശീലനം സിദ്ധിച്ചവരാണ്.
ഉയരമുളള ചൈനീസ് സേനയുടെ ഭാഗം പരന്നതും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം മൗണ്ട് കെടുവിന്റെ കാരക്കോറം ഭാഗം ,ഉത്തരാഖണ്ഡിലെ നന്ദാദേവി പോലെയുളള അതീവ ദുർഘടമായ പാതകളുമാണ്. ഇവിടെ കൃത്യമായ സേനാ നീക്കത്തിന് പരിശീലനം ലഭിച്ചവരാണ് പുതിയതായി വിന്യസിക്കപ്പെട്ടവർ.
കര അതിർത്തി, വ്യോമാതിർത്തി, തന്ത്രപ്രധാനമായ കടൽ പാതകൾ എന്നിവ വഴിയുളള ചൈനയുടെ പ്രവർത്തനങ്ങളിൽ കർശന ജാഗ്രത പാലിച്ച് വരികയാണ് ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉചിതമായ തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം. പ്രദേശത്തെ ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരുന്നതിൽ ചൈനീസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും നല്ല പ്രതികരണം ലഭിക്കാത്തതിൽ കേന്ദ്ര സർക്കാരിന് അമർഷമുണ്ട്. ഇന്ത്യക്ക് ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റിന്റേതുൾപ്പടെ സഹായ വാഗ്ദാനം വരുന്നുണ്ടെങ്കിലും ഇന്ത്യ തന്നെ വിഷയം പരിഹരിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.