ന്യൂഡൽഹി: ത്രിദിന റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിലെത്തി. മോസ്‌കോ വിക്ടറി ഡേയിൽ നടക്കുന്ന പരേഡിൽ അദ്ദേഹം പങ്കെടുക്കും.റഷ്യയിൽ നിന്ന് യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ഉദ്ദേശം കൂടിയുണ്ട് സന്ദർശനത്തിന് പിന്നിൽ.കൊവിഡ് വ്യാപനം മൂലം രാജ്നാഥസിംഗ് പരേഡിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ, ചൈനയുമായി അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ അവസരം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്‌നാഥ് സന്ദർശനം നടത്തുന്നത് എന്നാണ് അറിയുന്നത്.ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് എസ് 400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിയതായി മുൻപ് റിപ്പോർട്ടുണ്ടായിരുന്നു.