വാഷിംഗ്ടൺ: നല്ല നാടൻ വാഴപ്പഴം കൈയ്യിൽ കിട്ടിയപ്പോൾ അമ്മ കുരങ്ങനും കുഞ്ഞിക്കുരങ്ങനും സന്തോഷമായി. വിശന്ന് വലഞ്ഞ കുഞ്ഞിക്കുരങ്ങൻ വേഗം വാഴപ്പഴം കഴിക്കാനൊരുങ്ങിയപ്പോൾ അമ്മ കുരങ്ങൻ പറഞ്ഞു. 'മോനേ, തൊലി കളഞ്ഞിട്ട് കഴിയ്ക്ക് '. അതിന് മനുഷ്യർ മാത്രമല്ലേ തൊലി കളഞ്ഞ് കഴിയ്ക്കുന്നത് എന്ന് പറയാൻ വരട്ടെ, കുരങ്ങന്മാരും അങ്ങനെ തന്നെയാണ് പഴം കഴിയ്ക്കുന്നത്. മാർ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത, പഴം കഴിക്കുന്ന കുരങ്ങന്റെ ഈ വീഡിയോ 1.25 കോടി പേരാണ് മൂന്ന് ദിവസത്തിനുള്ളിൽ കണ്ടത്. നമ്മൾ പഴം കഴിക്കുന്നത് ഒന്നോർത്ത് നോക്കൂ...ആദ്യം തൊലി കളഞ്ഞ് പിന്നെ പഴത്തിന് മുകളിലെ നാരുകൾ കളഞ്ഞ്, അങ്ങനെയല്ലേ? ഈ കുരങ്ങനും അതു തന്നെയാണ് ചെയ്യുന്നത്. ഇടയ്ക്ക് കളയുന്ന നാരുകൾ കുഞ്ഞിക്കുരങ്ങന്റെ തലയിൽ വീഴുമ്പോൾ അതും അമ്മ കുരങ്ങൻ എടുത്തു കളയുന്നുണ്ട്.
വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത് ആയിരക്കണക്കിനാളുകളാണ്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ ഷെയർ ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തതത്.
ചിമ്പാൻസികളും ഗൊറില്ലകളും ജനിതകമായി മനുഷ്യന്റെ അടുത്ത ബന്ധുക്കളാണ്. മനുഷ്യന്റെ രൂപത്തോടും പെരുമാറ്റത്തോടും മാത്രമല്ല, അവയുടെ പല സ്വാഭാവങ്ങളും മനുഷ്യരുടേത് പോലെയാണ്. ഇപ്പോൾ സാധാരണ കുരങ്ങനും മനുഷ്യനും തമ്മിലുള്ള സമാനസ്വഭാവമാണ് ശ്രദ്ധേയമാവുന്നത്.