കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നു ശരത് ചന്ദ്രൻ. ഉയർന്ന തസ്‌തിക, പോകാനും വരാനും സർക്കാർ വാഹനം. ഏതു വിഷയത്തെക്കുറിച്ചും സാമാന്യത്തിലധികമറിവ്. നർമ്മം കലർന്ന സംഭാഷണം. പല കാര്യങ്ങൾ സാധിക്കാനായി നിരവധിപേർ വരും. കഴിയുന്ന സഹായം ശരത്ചന്ദ്രൻ ചെയ്‌തുകൊടുക്കുകയും ചെയ്യും. രാഷ്ട്രീയത്തിലും സാംസ്‌കാരികരംഗത്തും സജീവം. മറ്റുള്ളവരെ ഉപദേശിക്കാനും തിരുത്താനും പ്രത്യേക പാടവം. വരുന്നവർ എളുപ്പം പോകില്ല. പല വിഷയങ്ങളും സംസാരിച്ചിരിക്കും.
ഓഫീസിൽ ഒരാളിന്റെ ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നു. കൈയിലിരുപ്പുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലായ സുഹൃത്ത് വായ്‌പ തിരിച്ചടയ്‌ക്കാതായി. ശരത്ചന്ദ്രന് നല്ല കാശുണ്ടല്ലോ അയാളടയ്‌ക്കട്ടെ എന്ന് ചില അസൂയാലുക്കൾ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ ശരത്ചന്ദ്രന്റെ സാമ്പത്തിക നിലയിൽ കോട്ടംതട്ടി. സർവീസിൽ നിന്ന് വിരമിച്ച് സ്വസ്ഥമായി മിണ്ടിയും പറഞ്ഞും ജീവിച്ചു പോകാം എന്നായിരുന്നു ശരത്ചന്ദ്രന്റെ ആഗ്രഹം. പക്ഷേ അതെല്ലാം തകിടം മറിഞ്ഞു. വീട്ടിൽ ഭാര്യയും മക്കളും എതിരായി. എന്തിനാ കണ്ടവർക്കായി ജാമ്യം നിൽക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് ശരിയായ മറുപടി പറയാനായില്ല.
പദവിയും പോയി, സർക്കാർ വാഹനത്തിന്റെ വരവും നിലച്ചു. അതോടെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പഴയ അടുപ്പവുമില്ലാതെയായി. പണ്ട് മണിക്കൂറുകൾ സംസാരിക്കാൻ വരുന്നവരും ഒഴിഞ്ഞുമാറിത്തുടങ്ങി. പുറത്തിറങ്ങി പഴയകാല സുഹൃത് ബന്ധങ്ങൾ പുതുക്കാൻ ശ്രമിച്ചതും നടന്നില്ല. പെടപെടയ്‌ക്കണ മീൻ പോലെ അപ്പോഴപ്പോൾ പ്രയോജനപ്പെടുന്നതും സജീവവുമായ ബന്ധങ്ങളിലാണ് ഭൂരിപക്ഷം പേർക്കും താത്പര്യം. ഭാര്യയും മക്കളും പോലും സംസാരം കുറച്ചു. നല്ലൊരുവാക്ക് കേൾക്കാൻ കാതുകൾ കൊതിച്ചു.
മിണ്ടാട്ടമില്ലാതെ എത്രനാൾ കഴിച്ചുകൂട്ടും. മൊബൈലിൽ പഴയ സഹപ്രവർത്തകരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ് പിന്നീടങ്ങോട്ട് വിളിക്കാം എന്ന് ചിലർ ഭംഗിവാക്ക് പറഞ്ഞു. ആരും ഇങ്ങോട്ട് വിളിച്ചില്ല. സദാ ബിസിയായിരുന്ന മൊബൈലിനും നീണ്ട വിശ്രമം. തിരക്കുള്ളപ്പോൾ അത് വിമ്മിഷ്‌ടമായിതോന്നും. സംസാരസാഗരം കണ്ട് ഏകാന്തത കൊതിക്കും.
വിശ്രമം മാത്രമാകുമ്പോൾ തിരക്ക് മോഹിക്കും. യാദൃച്‌ഛികമായി പ്രൈമറി ക്ലാസിൽ പഠിച്ചിരുന്ന മോഹനനെ കണ്ടുമുട്ടി. ഇരുവരും തിരക്കില്ലാത്ത ഒരു റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് മനസ് തുറന്ന് കൊതിതീരും വരെ സംസാരിച്ചു. മോഹനനും തന്റെ അതേ അവസ്ഥയിലാണെന്ന് ശരത് ചന്ദ്രൻ തിരിച്ചറിഞ്ഞു. പിരിയാൻ നേരം മോഹനൻ ഒരു നഗ്നസത്യം പറഞ്ഞു. വിശപ്പിനേക്കാൾ ദാഹത്തേക്കാൾ കാശില്ലായ്‌മയേക്കാൾ അസഹ്യമാണ് മിണ്ടാനൊരാളില്ലാതെ വരുന്നത്. അത് അനുഭവിച്ചവർക്കേ അറിയൂ. ശരിക്കും പ്രാണവായുപോലെയാണ് മിണ്ടാട്ടവും. യഥേഷ്‌ടം കിട്ടാതെ വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ടറിയൂ.
(ഫോൺ: 9946108220)