addiction

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1987 മുതൽ എല്ലാവർഷവും ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു.. 'മികച്ച പരിചരണത്തിനായി മികച്ച അറിവ് " എന്നതാണ് ഇൗ വർഷത്തെ ചർച്ചാവിഷയം.

2019 ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗംമൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷമാണ്. ഇതിൽ ഏഴിലൊരാൾക്ക് മാത്രമേ ചികിത്സ ലഭിക്കുന്നുള്ളൂ. ലോകത്ത് പ്രതിവർഷം ലഹരി വസ്‌തുക്കൾ കാരണമായി 11.8 ദശലക്ഷം മരണങ്ങൾ നടക്കുന്നുണ്ട്. രോഗം മൂലമുള്ള ആഗോളബാദ്ധ്യതയുടെ ഒന്നരമുതൽ അഞ്ച് ശതമാനം വരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2019 ൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പതിനാറുകോടി ആൾക്കാർ ഇന്ത്യയിൽ മദ്യം ഉപയോഗിക്കുന്നവരാണ് (14.6 ശതമാനം). ഇതിൽ 5.7 കോടി (5.2 ശതമാനം) ഇത് മൂലമുള്ള പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമുള്ളവരും, 2.9 കോടി (2.7 ശതമാനം) മദ്യത്തിനടിമകളുമാണ്. 3.1 കോടി ജനങ്ങളാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. 72 ലക്ഷം പേർ ചികിത്സ ആവശ്യമുള്ളവരും, 25 ലക്ഷംപേർ അടിമകളുമാണ്. കറുപ്പുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ദുരുപയോഗം 2.3 കോടി (2.1 ശതമാനം) ആണ്. കേരളത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ആളോഹരി മദ്യത്തിന്റെ ഉപയോഗം ആഗോളടിസ്ഥാനത്തിൽ പ്രതിവർഷം 6.5 ലിറ്ററാണ്. കേരളത്തിൽ ഇത് എട്ട് ലിറ്ററാണ്. ഇന്ത്യയിലെ ഏറ്റവും കൂടിയ കണക്കും ഇതുതന്നെ.

ഇന്ത്യയിലെ ആകെ മരണങ്ങളിൽ 5.4 ശതമാനം മദ്യത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായിലും അന്നനാളത്തിലുമുണ്ടാകുന്ന കാൻസർ, പക്ഷാഘാതം, കരൾ രോഗങ്ങൾ ഹൃദ്രോഗം, തുടങ്ങിയവ ലഹരി ഉപയോഗത്താലുള്ള രോഗങ്ങളിൽ ചിലതാണ്.

വിഷാദരോഗം, അമിതമായ ഉത്കണ്ഠ, സംശയരോഗങ്ങൾ, , ആത്മഹത്യാപ്രവണത എന്നിവ ലഹരി കാരണമുണ്ടാകുന്നു. റോഡപകടങ്ങളിൽ 33 ശതമാനവും ലഹരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ വർദ്ധനയുടെ പ്രധാന കാരണം ലഹരി ഉപയോഗമാണ്.

മനുഷ്യരാശിയെ കാർന്നുതിന്നുന്ന ഇൗ പ്രശ്നത്തിനുള്ള പരിഹാരം എന്തെന്നുകൂടി പരിശോധിക്കാം. ലഹരിയ്‌ക്ക് അടിമപ്പെട്ടവർക്കും ഇവയുടെ ഉപയോഗം മൂലം ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ചികിത്സ ലഭ്യമാക്കുകയാണ് ആദ്യ ഘട്ടം. ലഹരി ഉപയോഗം നിറുത്തുമ്പോഴുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾക്കുള്ള ചികിത്സയും ലഹരിവസ്തുക്കളുടെ തുടർന്നുള്ള ഉപയോഗം തടയാനുള്ള ചികിത്സയും നൽകേണ്ടതുണ്ട്. കൂടാതെ സൈക്കോതെറാപ്പി, ബിഹേവിയർ തെറാപ്പി, കൗൺസിലിംഗ് തുടങ്ങിയ ചികിത്സകളും നൽകണം. ജില്ലാതലത്തിലും താലൂക്ക് തലത്തിലുമുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സാസൗകര്യം ലഭ്യമാക്കണം. ഒരു പരിധിവരെ കേരളത്തിന് ഇത് കഴിഞ്ഞിട്ടുണ്ട്.

( ലേഖകൻ പ്രമുഖ സൈക്യാട്രിസ്റ്റും മെന്റൽ ഹെൽത്ത് അതോറിട്ടി മുൻ സെക്രട്ടറിയുമാണ് .ഫോൺ- 9020420925)