തൃശൂർ: തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്‌മി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) 463.67 ശതമാനം വർദ്ധനയോടെ 65.78 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണിത്. 2018-19ൽ ലാഭം 11.67 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 94.93 കോടി രൂപയിൽ നിന്ന് 70.62 ശതമാനം വർദ്ധിച്ച് 161.97 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 2.69 ശതമാനം മുന്നേറി 17,703 കോടി രൂപയായി.
മൊത്തം നിക്ഷേപം 2.84 ശതമാനവും വായ്‌പകൾ 2.45 ശതമാനവും വളർച്ച കുറിച്ചു. മൊത്തം വരുമാന വളർച്ചാനിരക്ക് കഴിഞ്ഞവർഷം 7.44 ശതമാനമായും അവസാനപാദത്തിൽ 4.47 ശതമാനമായും മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം 7.62 ശതമാനം ഉയർന്ന് 373.18 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 7.47 ശതമാനത്തിൽ നിന്ന് 5.90 ശതമാനത്തിലേക്ക് താഴ്‌ന്നത് ബാങ്കിന് ആശ്വാസമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 2.41 ശതമാനത്തിൽ നിന്ന് 1.55 ശതമാനത്തിലേക്കും താഴ്‌ന്നു. അതേസമയം, അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭം 90.58 ശതമാനം കുറഞ്ഞ് 2.60 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 27.61 കോടി രൂപയായിരുന്നു.