skull

ജക്കാർത്ത : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെല്ലാം ഇപ്പോൾ കനത്ത സുരക്ഷാ മാനദണ്ഡങ്ങളാണുള്ളത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം അതീവ സുരക്ഷയോടെയാണ് മറവ് ചെയ്യുന്നതും. എന്നാൽ ഈ കൊറോണ കാലത്തും തങ്ങൾ ഏറെ വിശുദ്ധമെന്ന് കരുതുന്ന, പരമ്പരാഗത രീതിയിൽ നിന്നും ഒരടി പോലും പിന്നോട്ട് വയ്ക്കാത്ത ഒരു വിഭാഗം ഇന്തോനേഷ്യയിലെ ബാലിയിലുണ്ട്. ട്രൂൺയാനീസ് വിഭാഗക്കാരാണ് അവർ. മരിക്കുന്നവരുടെ മൃതദേഹം കുഴിച്ചിടുകയോ ദഹിക്കുകയോ ചെയ്യുന്ന പതിവ് ഇവർക്കില്ല. പകരം കാടിനുള്ളിൽ വിശുദ്ധമായി അവർ ആരാധിക്കുന്ന ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച മുള കൊണ്ട് നിർമിച്ച ഒരു കൂടിനുള്ളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കൂടിനുള്ളിൽ കിടന്ന് മൃതദേഹം അഴുകുന്നു. ഒടുവിൽ അസ്ഥികൾ മാത്രം അവശേഷിക്കുന്നു. !

കൊവിഡ് 19 റിപ്പോർട്ട് ചെയ്ത നാൾ മുതൽ ഇന്തോനേഷ്യയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നവർ സുരക്ഷാ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് സർക്കാ‌ർ ഉത്തരവ്. വൈറസ് വ്യാപനം തടയുന്നതിനായി മൃതദേഹം ഉടൻ സംസ്കരിക്കുകയും വേണം. എന്നാൽ 80 ലക്ഷത്തിലേറെ മനുഷ്യരെ പിടികൂടിയ കൊവിഡ് ബാലിയിലെ ട്രൂൺയാൻ ഗ്രാമത്തിൽ ഇതേ വരെ എത്തിയിട്ടില്ലെന്നാണ് അവിടുത്തെ പ്രാദേശിക ഭരണകൂടം പറയുന്നത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങൾ അഴുകാൻ അനുവദിക്കുന്ന ഇക്കൂട്ടരുടെ പരമ്പരാഗത രീതിയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. പക്ഷേ, മൃതദേഹവും കൊണ്ടു വരുന്നവർ മാസ്ക് ധരിക്കുന്നുണ്ട്. ഇവിടെ നേരത്തെ നിരവധി ടൂറിസ്റ്റുകൾ എത്താറുണ്ടായിരുന്നു. എന്നാൽ വൈറസ് പശ്ചാത്തലത്തിൽ ടൂറിസ്റ്റുകളെ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.


സുഗന്ധമുള്ള ഒരു തരം പേരാൽ വൃക്ഷത്തിന്റെ ചുവട്ടിൽ 11 മുളക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കൂടുകളിലാണ് മൃതദേഹങ്ങൾ വയ്ക്കുന്നത്. ട്രൂൺയാനീസ് വംശജരുടെ വിശുദ്ധ വൃക്ഷമായ ഇതിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്നാണ് വിശ്വാസം. മരത്തിലെ സുഗന്ധം മൃതദേഹത്തിന്റെ ദുർഗന്ധത്തെ മറയ്ക്കുന്നതായും ഇവർ പറയുന്നു. അഴുകിയ ശേഷം തലയോട്ടി അടക്കമുള്ള അസ്ഥികൾ ശേഖരിച്ച് ഒരു ഭാഗത്ത് കൂട്ടി വയ്ക്കും. ശരീരം അഴുകിത്തുടങ്ങുമ്പോൾ തന്നെ തലയോട്ടിയെടുത്ത് മരത്തിന്റെ അടുത്തുള്ള ഒരു ശിലയിൽ സ്ഥാപിക്കുകയാണ് പതിവ്. ഇതിന് സമീപം മറ്റൊരു ശവപ്പറമ്പ് കൂടിയുണ്ട്. അവിടെ അവിവാഹിതരെയും കുട്ടികളെയും സംസ്കരിക്കാനുള്ള ഇടമാണ്. ഇതിന് അടുത്തുള്ള മൂന്നാമത്തെ ശ്മശാനത്തിൽ അസ്വഭാവികമായി മരിച്ചവരെ സംസ്കരിക്കും. വിവാഹിതരായവരുടെ മാത്രം മൃതദേഹമാണ് ആദ്യത്തെ ശ്മശാനത്തിൽ അഴുകാൻ സൂക്ഷിക്കുക. മറ്റുള്ളവരെയെല്ലാം കുഴിച്ചിടുകയാണ് പതിവ്.