ഹരിദ്വാർ: ഡെഹ്റാഡൂണിലേക്ക് പുറപ്പെട്ട ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് തന്റെ കൊവിഡ് പരിശോധനാ ഫലം വന്നത് യാത്രാ മധ്യേ. നോയ്ഡയിലെ ബാറ്ററി നിർമ്മാണ ശാലയിലെ ജീവനക്കാരനായ ഋഷികേശ് സ്വദേശിയായ 48കാരനാണ് യാത്രക്കിടെ കൊവിഡ് പോസിറ്റീവ് ആണെന്ന ഫോൺ സന്ദേശമെത്തിയത്.
തുടർന്ന് ഇയാൾ ഉടനെ കൊവിഡ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ബഹളമുണ്ടാക്കി. ജോലി സ്ഥലത്ത് നിന്നും കൊവിഡ് ടെസ്‌റ്റ് എടുത്ത ശേഷമാണ് ഇയാൾ യാത്ര പുറപ്പെട്ടത്. തുടർന്ന് ഇയാൾക്ക് യാത്രാനുമതി നൽകിയ പ്രാദേശിക ഭരണകൂടത്തിനോടും റെയിൽവേ അധികൃതരോടും ജനരോഷം ഉയർന്നു.
ഇയാൾക്കൊപ്പം യാത്ര ചെയ്ത 22 പേരെയും ഹരിദ്വാറിൽ ക്വാറന്റൈനിലാക്കിയതായും രോഗിയെ മേലാ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലാക്കിയതായും ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സരോജ് നയ്‌താനി അറിയിച്ചു.