reliance-industries

മുംബയ്: ടെലികോം/ഡിജിറ്റൽ വിഭാഗമായ ജിയോയിലേക്ക് ഒഴുകിയ നിക്ഷേപത്തിന്റെയും ഓഹരി വിലക്കുതിപ്പിന്റെയും പിൻബലത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം ഇന്നലെ ചരിത്രത്തിൽ ആദ്യമായി 15,​000 കോടി ഡോളർ (11.44 ലക്ഷം കോടി രൂപ)​ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. ഇന്നലെ വ്യപാരത്തിനിടെ ഒരുവേള ഓഹരിവില റെക്കാഡ് ഉയരമായ 1,​804.10 രൂപവരെ ഉയർന്നതോടെയാണ്,​ മൂല്യം 15,​000 കോടി ഡോളർ പിന്നിട്ടത്. വ്യാപാരാന്ത്യം ഓഹരിവില 1,747.20 രൂപയിലാണുള്ളത്.

ഇന്നലെ മാത്രം 28,240 രൂപയുടെ വർദ്ധന ഓഹരിമൂല്യത്തിലുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മൂല്യം 11 ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന പട്ടം റിലയൻസ് ചൂടിയത്. ജിയോ പ്ലാറ്ര്‌ഫോംസിന്റെ നിശ്‌ചിത ഓഹരികൾ ഫേസ്‌ബുക്ക് ഉൾപ്പെടെ 11 ഓളം നിക്ഷേപകർക്ക് വിറ്റഴിച്ചതിലൂടെ രണ്ടുമാസത്തിനിടെ 1.15 ലക്ഷം കോടി രൂപയും അവകാശ ഓഹരി വില്പനയിലൂടെ 53,​124 കോടി രൂപയും റിലയൻസ് സമാഹരിച്ചിരുന്നു. ഇതുവഴി,​ റിലയൻസ് ഇൻഡസ്‌ട്രീസിനെ കടബാദ്ധ്യത ഇല്ലാത്ത കമ്പനിയാക്കി മാറ്രിയെന്ന് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ്,​ ഓഹരികളുടെ കുതിപ്പ്.

കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം കമ്പനിയുടെ അറ്ര കടബാദ്ധ്യത 1.61 ലക്ഷം കോടി രൂപയായിരുന്നു. 2021 മാർച്ച് 31നകം കടബാദ്ധ്യത പൂർണമായി ഒഴിവാക്കുമെന്നാണ് കഴിഞ്ഞവർഷത്തെ പൊതുയോഗത്തിൽ മുകേഷ് പറഞ്ഞത്. എന്നാൽ,​ ലക്ഷ്യമിട്ടതിനേക്കാൾ ഏറെമുന്നേ ഈ നേട്ടം കൈവരിച്ചത് ഓഹരിക്കുതിപ്പിന് കരുത്തായി.

57-ാം സ്ഥാനം

ലോകത്തെ ഏറ്രവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ ഇപ്പോൾ 57-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്‌ട്രീസ്. മൂല്യം 15,000 കോടി ഡോളർ (11.44 ലക്ഷം കോടി രൂപ)​.

ആദ്യ 5 സ്ഥാനങ്ങളിലുള്ള കമ്പനികൾ ഇവയാണ് :

1. സൗദി ആരാംകോ : $1.76 ലക്ഷം കോടി

2. ആപ്പിൾ : $1.51 ലക്ഷം കോടി

3. മൈക്രോസോഫ്‌റ്ര് : $1.47 ലക്ഷം കോടി

4. ആമസോൺ : $1.33 ലക്ഷം കോടി

5. ആൽഫബെറ്ര് : $97,​500 കോടി

$6,​450 കോടി

മുകേഷ് അംബാനി കഴിഞ്ഞദിവസം ലോകത്തെ ഏറ്രവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ 9-ാം സ്ഥാനം നേടിയിരുന്നു. 6,​450 കോടി ഡോളറാണ് ആസ്‌തി. ഏകദേശം 4.90 ലക്ഷം കോടി രൂപ.