thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സാമൂഹിക വ്യാപന സൂചനയുമായി മേയര്‍ കെ ശ്രീകുമാര്‍. ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും കൊവിഡ് രോഗം ബാധിച്ചത് ഗൗരവമുള്ള വിഷയമാണെന്നും വിവാഹ, മരണച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് നിബന്ധനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹങ്ങളില്‍ 50ല്‍ കൂടുതലും മരണച്ചടങ്ങുകളില്‍ 20 ല്‍ കൂടുതലും ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പലപ്പോഴും ഇത് ലംഘിക്കപ്പെടുകയാണ്. ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. മേയർ മുന്നറിയിപ്പ് നല്‍കി.

പൊതുപരിപാടികളിലും മറ്റുമായി ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായി കാണുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മാളുകള്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാളയം, ചാല മാര്‍ക്കറ്റുകളില്‍ 50% കടകള്‍ തുറക്കും. കോര്‍പറേഷന്‍ ഓഫിസില്‍ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകക്രമീകരണം ഏര്‍പ്പെടുത്തിയതായും മേയര്‍ വിശദീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. ഇതുസംബന്ധിച്ച ഐ.സി.എം.ആർ റിപ്പോർട്ട് ഇതുവരെ സർക്കാരിന് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.