elephant-atack-

ചെന്നൈ: കോയമ്പത്തൂരിലുള്ള ആനക്കട്ടയിൽ സ്ഫോടകവസ്തു കടിച്ച് വായക്ക് ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞു. പത്തു വയസുള്ള ആനയാണ് ചികിത്സകളോട് പ്രതികരിക്കാതെ ചരിഞ്ഞത്. കൃഷിയിടങ്ങളിൽ മൃഗങ്ങൾ അതിക്രമിച്ച് കയറുന്നതിനെ ചെറുക്കാൻ ആരോ വച്ച സ്ഫോടകവസ്തു കടിച്ചാണ് ആനയുടെ വായ്ക്ക് പരിക്കേറ്റതെന്നാണ് അധികൃതർ പറയുന്നത്. ജംബുകണ്ടിയിലെ കൃഷിയിടത്തിൽ പരിക്കറ്റ നിലയിൽ ആനയെ കണ്ടെത്തിയെന്ന് ജൂൺ 20നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. ഉടൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.സുരേഷും സംഘവും സ്ഥലത്തെത്തി. വെറ്ററിനെറി ഡോക്ടർ സുകുമാറാണ് ആനയെ ചികിത്സിച്ചത്. പഴങ്ങൾക്കുള്ളിൽ മരുന്ന വച്ച് ആനയ്ക്ക് നൽകി വരികയായിരുന്നു. ഞായറാഴ്ച നടന്നു തുടങ്ങിയ ആനയെ കാട്ടിലേക്ക് വിട്ടിരുന്നു. എന്നാൽ, ആരോഗ്യനില മോശമായ ആനയെ നിലത്ത് കിടക്കുന്ന രീതിയിൽ കണ്ടെത്തി. പിന്നീട് പരിശോധിച്ചപ്പോൾ വായിലെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് ഡോക്ടർ കണ്ടെത്തി. മുറിവിൽ പഴുപ്പുണ്ടായിരുന്നതായും ഡോക്ടർ പറഞ്ഞു.ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞതെന്നും അധികൃതർ അറിയിച്ചു. നേരത്തെ, കേരളത്തിലെ പാലക്കാടും സമാനമായ രീതിയിൽ ഗർഭിണിയായ ആന ചരിഞ്ഞിരുന്നു.