vs-sunil-kumar

തൃശൂർ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡി. പ്രൈവറ്റ്‌ സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിലായതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് തൃശൂർ കോർപ്പറേഷനിലെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ 15ന് കൃഷി മന്ത്രിയും പങ്കടുത്തിരുന്നു. യോഗത്തിൽ അഞ്ച് മിനിറ്റോളം സംസാരിച്ച ആരോഗ്യ പ്രവർത്തക, മന്ത്രിക്ക് നേരിട്ട് പേപ്പറും കൈമാറിയിരുന്നു. ഇതോടെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റൂം ക്വാറന്റൈനിലാണ് മന്ത്രി. കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടായ ദിവസം മുതൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കൽ ബോർഡ് നിർദേശിച്ചിരിക്കുന്നത്. അതിനാൽ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തിൽ ഇരുന്നാൽ മതി. കോർപ്പറേഷൻ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്.