കൊച്ചി: ഉപഭോക്താക്കൾക്ക് ഓൺലൈനായി, കാർ വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഹ്യുണ്ടായിയും ഐ.സി.ഐ.സി.ഐ ബാങ്കും ഒപ്പുവച്ചു. ഹ്യുണ്ടായിയുടെ ഓൺലൈൻ വില്പന പ്ളാറ്ര്‌ഫോമായ 'ക്ളിക്ക് ടു ബയ്" മുഖേന വായ്‌പ ലഭ്യമാകും. ഇതോടെ, ഉപഭോക്താക്കൾക്ക് ഓൺലൈനിൽ സമ്പൂർണ സേവനം ലഭ്യമാക്കുന്ന ആദ്യ വാഹന വില്പന പ്ലാറ്ര്‌ഫോം എന്ന പട്ടവും ക്ളിക്ക് ടു ബൈയ്ക്ക് സ്വന്തമായി. ഓരോ ഉപഭോക്താവിനും അനുയോജ്യമായ വായ്പകളാണ് ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇടപാടുകാർക്ക്, ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ പ്രിയപ്പെട്ട ഹ്യുണ്ടായ് കാർ സ്വന്തമാക്കാൻ ക്ളിക്ക് ടു ബൈയിൽ ഇൻസ്‌റ്റന്റ് വായ്പ ലഭിക്കും. 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും ഐ.സി.ഐ.സി.ഐ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈനായി, ഹ്യുണ്ടായ് കാർ സ്വന്തമാക്കാനുള്ള ആകർഷക ഫിനാൻസ് സൗകര്യമാണ് കമ്പനി ഉറപ്പാക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (കോർപ്പറേറ്ര് പ്ലാനിംഗ്) ഡബ്ള്യു.എസ്. ഓ പറഞ്ഞു.