പാലാ: തോട്ടിൽ വീണ് ഇരുന്നൂറ് മീറ്ററോളം ഒഴുകിപ്പോയ ഒന്നര വയസുകാരി തെരേസയ്ക്ക് ഇതു രണ്ടാം ജന്മം. അമ്മവീടിനു സമീപത്തെ കൈത്തോട്ടിൽ കാൽ വഴുതി വീണ കുഞ്ഞു തെരേസയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചത് കുട്ടികളായ സീനയുടേയും പ്രിൻസിയുടേയും ഇടപെടൽ. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ചികിൽസയിൽ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ തെരേസ, അമ്മ വീടായ മല്ലികശേരിയിലെ പുത്തൻപുരയ്ക്കൽ വീട്ടിലായിരുന്നു .ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനു സമീപത്തെ പൊന്നൊഴുകുംതോടിനടുത്തുള്ള ചെറിയ കൈ തോടിനരികിൽ കുട്ടി എങ്ങനെയോ എത്തി. കുട്ടി കാൽ വഴുതി തോട്ടിൽ വീണത് ആരും കണ്ടില്ല. ഇരുന്നൂറ് മീറ്ററോളം ഒഴുകി പൊന്നൊഴുകും തോട്ടിലേയ്ക്കു ചേരുന്ന ഭാഗത്ത് വന്നപ്പോഴാണ് തോട്ടിൽ കുളിയ്ക്കുകയായിരുന്ന കുട്ടികളായ കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും അതു കണ്ടത്. ഇവർ ഉറക്കെ കരഞ്ഞതോടെ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ പിടിച്ച് കരയ്ക്കെത്തിച്ചു. സംഭവമറിഞ്ഞ് മാണി സി. കാപ്പൻ എം.എൽ.എ കുട്ടിയെ തന്റെ വണ്ടിയിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ എത്തിച്ചു.
തുടർന്നാണ് മാതാപിതാക്കളായ ജോമിയും ബിന്ദുവും ആശുപത്രിയിലെത്തിയത്.