തിരുവനന്തപുരം: ദുബായിൽ താമസിക്കുന്നവർക്ക് ജൂൺ 22 മുതൽ മടങ്ങിച്ചെല്ലാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയതിനെതുടർന്ന് ദുബായിലേക്ക് ഉടൻ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ദുബായ് ഉൾപ്പെടെ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവർ ജോലിയിൽ തിരികെ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ അവർക്ക് പി.സി.ആർ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലായ് 10 മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബായ് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.