covid-

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 2710 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. ഇന്ന് 37 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 794 ആയി. 27,178 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് മധുര കോർപ്പറേഷൻ പരിധിയിൽ തമിഴ്‌നാട് സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 30ന് അർദ്ധരാത്രിവരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. നേരത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദർ (75) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹമടക്കം പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചുപേർക്കാണ് കൊവിഡ് ബാധിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന തുടരുന്നു. ഇന്ന് 3721 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 62 പേർ മരിച്ചു. രോഗമുക്തരായി 1962 പേർ ആശുപത്രിവിട്ടു.

മുംബയിൽ മാത്രം 67,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം 3737ആയി. താനെയിൽ 25,930 പേർക്കാണ് രോഗബാധ. മരണം 732. പൂനെയിൽ 16,474 പേരാണ് രോഗബാധിതർ. മരണം 612 ആണ്.

കർണാടകയിൽ ഇന്ന് 249പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 9399 പേരാണ് ഇതുവരെ അസുഖബാധിതരായത്. 5730പേർ രോഗമുക്തരായപ്പോൾ 3523 പേർ ചികിത്സയിലാണ്. 142പേരാണ് ആകെ മരിച്ചത്.