ബീജിങ്ങ്: ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയിലേക്ക് സൈനികരായി പ്രവേശനം നേടാനെത്തുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേരും, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി 2017 ആഗസ്റ്റിൽ പുറത്തുവന്ന വാർത്താ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഓൺലൈൻ മാദ്ധ്യമമായ 'മെട്രോ'യിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്.
ചൈനീസ് സേനയിൽ പ്രവേശനം നേടാനെത്തുന്ന ഭൂരിഭാഗം പേരും കാഴ്ചക്കുറവിന്റെ പേരിലും, പൊണ്ണത്തടിയുടെയും ജീവിതശൈലീരോഗങ്ങളുടെ പേരിലും പുറത്താവുകയാണ് ചെയ്യുന്നതെന്ന് ചൈനീസ് ആർമി തന്നെ സമ്മതിക്കുന്നതായി ഹാർലി ടാംപ്ലിൻ എഴുതിയ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കസേരയിൽ നിന്നും എഴുന്നേൽക്കാതെയുള്ള വീഡിയോ ഗെയിം കളി, ജങ്ക് ഭക്ഷണത്തിന്റെ അമിതോപയോഗം, നിയന്ത്രണമില്ലാത്ത തരത്തിലുള്ള സ്വയംഭോഗശീലം എന്നിവയാണ് ഇതിനുള്ള കാര്യമായി ചൈനീസ് സേന ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണങ്ങൾ കൊണ്ട് ഒരു ചൈനീസ് നഗരത്തിലെ 57 ശതമാനം യുവാക്കൾക്ക് സേനയിൽ അവസരം നേടാൻ കഴിഞ്ഞില്ലെന്നും ആർമി അധികൃതർ പറയുന്നു.
ദീർഘനേരമുള്ള ഇരിപ്പ് കാരണം വൃഷണങ്ങളിലെ ഞരമ്പ് സാധാരണയിൽ കവിഞ്ഞ് തടിക്കുക, മൊബൈൽ സ്ക്രീൻ അമിത നേരം നോക്കുന്നത് കാരണം കാഴ്ച കുറയുക, മാനസികാരോഗ്യക്കുറവ് എന്നീ പ്രശ്നങ്ങളും ഇവരിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതുകൊണ്ടൊക്കെ തന്നെ യുവാക്കളെ 'നേർവഴിക്ക് നയിക്കുന്നതിനായി' മാർഗനിർദേശങ്ങളും ചൈന പുറത്തിറക്കിയിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഔദ്യോഗിക പത്രത്തിലാണ് ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ സേന പുറത്തിറക്കിയിരുന്നത്.