ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തിൽ(ആർ.ഐ.സി) വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. സമ്മേളനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന റഷ്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആർ.ഐ.സിയിൽ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനമറിയിച്ചത്.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ തുടക്കത്തിൽ ഇന്ത്യ വിമുഖത കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അനുനയിപ്പിക്കാൻ റഷ്യൻ ഇടപെടലുണ്ടായത്.
അതേസമയം, ത്രികക്ഷി യോഗത്തിൽ ഇന്ത്യ-ചൈന സംഘർഷം ചർച്ച ചെയ്യില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്ത് ഇന്ത്യയ്ക്ക് നേരെയുള്ള ഈ അനുകൂല നിലപാട് ചൈനയെ ലക്ഷ്യം വച്ചുള്ളതാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത്.