india-china-

ന്യൂഡൽഹി : അതിർത്തിയിൽ മേയ് നാലിനു മുമ്പുള്ള സാഹചര്യം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ശക്തമായി ആവശ്യപ്പെട്ടു..ഇന്ത്യ ചൈന സൈനിക കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്. ചർച്ച പൂർത്തിയായി.. ഇന്ത്യ - ചൈന അതിർത്തിയിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (LAC)യുടെ ചൈനീസ് ഭാഗത്തെ മോൾഡോയിലെ ക്യാമ്പിലാണ് കമാൻഡർ തല ചർച്ച നടന്നത്. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു സേനാതലത്തിലെ ഉന്നതതല യോഗം.

നിയന്ത്രണരേഖയിൽ നിന്ന് പിൻമാറണമെന്നും ഇന്ത്യൻ സൈന്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ട വിവരം കൂടിക്കാഴ്ചയിൽ ചൈന സ്ഥിരീകരിച്ചു.ചൈനീസ് കമാൻഡർ അടക്കം 15പേരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സംഘം കൈമാറിയ വിവരം പുറത്തുവന്നിരുന്നു.

ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ദക്ഷിണ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിനും തമ്മിൽ രാവിലെ 11.30ന് ആരംഭിച്ച കൂടിക്കാഴ്‌ച രാത്രിവരെ നീണ്ടു.

പട്രോളിംഗിന് റൈഫിൾ ഉപയോഗിക്കുന്നതടക്കം വരുത്തുന്ന മാറ്റങ്ങൾ ഇന്ത്യ ധരിപ്പിച്ചതായി സൂചനയുണ്ട്.

ഇന്നലെ ഇന്ത്യൻ കരസേനാ കമാൻഡർമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ എം.എം. നരാവനെ സ്ഥിതിഗതികൾ വിശദീകരിച്ചു. ഈയാഴ‌്‌ച അദ്ദേഹം ലഡാക് അതിർത്തി സന്ദർശിച്ചേക്കും.

ചൈന മുൻകൈയെടുത്താണ് ഇന്നലെ അതിർത്തി ചെക്ക് പോസ്‌റ്റായ മോൾഡയിൽ അവരുടെ പ്രദേശത്ത് കമാൻഡർ തല കൂടിക്കാഴ്‌ചയ്‌ക്ക് വഴിയൊരുക്കിയത്. നാളെ ഇന്ത്യ- റഷ്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുമെങ്കിലും സംഘർഷം തല്ക്കാലം അജണ്ടയിൽ ഇല്ല എന്നാണ് വിശദീകരണം.