തിരുവനന്തപുരം: പി.എസ്. സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ നാളെ പി.എസ്.സി ആസ്ഥാനത്ത് സത്യാഗ്രഹമിരിക്കും. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനത്തിൽ സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണുള്ളത്. വിവിധ വകുപ്പുകളിലെ ഒഴിവുകൾ റിപ്പാേർട്ട് ചെയ്യാതെ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. നിയമനങ്ങൾ നടക്കാതെ പല ലിസ്റ്റുകളും കാലാവധി തീരാറായി. ഒഴിവ് റിപ്പോർട്ട് ചെയ്തവയിൽ പോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞ് പി.എസ്. സി യിൽ അഡ്വൈസ് അയയ്ക്കുന്നില്ലെന്നും യുവമോർച്ച ആരോപിച്ചു.
ഏഴ് ബറ്റാലിയനുകളിലായി നിലവിലുള്ള സിവിൽ പൊലീസ് ഓഫീസർ ലിസ്റ്റ് ജൂൺ 30 ന് അവസാനിക്കും. പതിനായിരത്തിലധികം പേർ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന ലിസ്റ്റിലെ നിയമനങ്ങൾ എസ്. എഫ് .ഐ നേതാക്കളുടെ കോപ്പിയടി വിവാദവും, പ്രളയം, നിപ്പ കാരണങ്ങളും പറഞ്ഞ് മരവിപ്പിച്ചിരിക്കുകയാണെന്നും യുവമോർച്ച കുറ്റപ്പെടുത്തി.