cinema

ഒരു വ്യക്തിയെ കേന്ദ്ര കഥാപാത്രമാക്കി നാല് സംവിധായകർ നാല് ചിത്രങ്ങൾ ഒരുക്കുന്നു. മലയാള സിനിമയിൽ അപൂർവമായാണ് സംവിധായകർ ഇത്തരത്തിൽ ഒരു വ്യക്തിയെ കേന്ദ്രമാക്കിയുള്ള ചിത്രങ്ങൾ പ്രഖ്യാപിക്കുന്നത്. മലബാർ കലാപം അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രങ്ങളിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ് കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്നത്.

മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്. പൃഥ്വിരാജ്–ആഷിഖ് അബു,​ പി.ടി. കുഞ്ഞുമുഹമ്മദ്,​ അലി അക്ബർ,​ ഇബ്രാഹിം വേങ്ങര എന്നിവരാണ് ചിത്രങ്ങൾ ഒരുക്കുന്നത്.

പൃഥ്വിരാജ്–ആഷിഖ് അബു കൂട്ടുകെട്ടിലെ ഒരുങ്ങുന്ന ചിത്രമാണ് "വാരിയംകുന്നൻ". നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നൻ’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍' എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് പ്രധാനനായകകഥാപാത്രമാണ്. അതേസമയം,​ അലി അക്ബർ സംവിധാനം ചെയ്യുന്ന "1921 "എന്ന ചിത്രത്തിൽ ഈ കഥാപാത്രം വില്ലൻ വേഷത്തിലും എത്തുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബുവിന്റെ ‘വാരിയംകുന്നൻ’ എന്ന ചിത്രം അടുത്തവർഷം തുടങ്ങും. മലബാർ കലാപവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം. 75 – 80 കോടി രൂപയാണു ബഡ്ജറ്റ്.

ഇതേ വിഷയത്തിൽ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. അദ്ദേഹം ഇതിന്റെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ‘ദ് ഗ്രേറ്റ് വാരിയംകുന്നത്ത്’ എന്ന പേരിൽ സിനിമയുടെ പിന്നണി പിന്നണ പ്രവർത്തനങ്ങൾ നടക്കുകയാണ്.