എന്നോ നമ്മുടെയെല്ലാം ഉള്ളിൽ കേട്ടുപതിഞ്ഞ ഗാനങ്ങൾ, പലവട്ടം ആരും കേൾക്കാതെ മൂളി നോക്കിയ ഇഷ്ടഗാനങ്ങൾ. ഇങ്ങനെ പാടണമെന്ന് ഒരായിരം തവണ കൊതിച്ച പാട്ടുകൾ പാടാനുള്ള വേദിയാണ് തിരുവനന്തപുരത്തെ ധ്വനി എന്ന സംഗീതകൂട്ടായ്മ. കൊച്ചുകുട്ടികൾ മുതൽ പ്രായമേറിയവർ വരെ ഈ കൂട്ടായ്മയിൽ സജീവമാണ്. ധ്വനി സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഷീല ജെയിംസ് സംസാരിക്കുന്നു
വെറുതെയിരിക്കുമ്പോൾ മനസു നിറയെ പാട്ടു കേൾക്കാനും രണ്ടുവരി മൂളാനും കൊതിക്കാത്തവർ ആരുമില്ല. ജീവിത തിരക്കിനിടയിൽ, അശാന്തിയുടെ പടവുകളിൽ പണ്ടെങ്ങോ നഷ്ടപ്പെട്ട ഈണങ്ങളിലേക്ക് പലരും ഇപ്പോൾ തിരിച്ചു നടക്കാൻ തുടങ്ങിയിരുന്നു. ആ കൂട്ടത്തിൽ തിരുവനന്തപുരത്ത് സ്വരമധുരമുള്ള ഒരു പാട്ടുകൂട്ടായ്മ ഉണ്ട്. എട്ടുവയസുമുതൽ എൺപതുവയസു വരെയുള്ള, ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉൾപ്പെട്ടവരാണ് 'ധ്വനി" എന്ന ഈ സംഗീതകൂട്ടായ്മയുടെ പ്രാണൻ. രണ്ടുവർഷം മുമ്പ് രൂപീകരിച്ച ധ്വനി ഇപ്പോൾ ഇടമുറിയാത്ത കൈയടി സ്വന്തമാക്കിക്കഴിഞ്ഞു. ധ്വനിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ട, പ്രമുഖ വസ്ത്ര ബ്രാൻഡ് സെറീന ബുട്ടീക്കിന്റെ സാരഥിയായ ഷീലാ ജെയിംസ്.
മാനത്തെ മാരിക്കുറുമ്പേ...
രണ്ടുവർഷം മുമ്പായിരുന്നു 'ധ്വനി" യുടെ തുടക്കം. പാട്ടിനെ സ്നേഹിക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയാണിത്. പ്രൊഫഷണൽ അല്ലാത്ത, എന്നാൽ പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന കുറച്ചുപേർ. നമുക്കിടയിൽ തന്നെ നന്നായി പാടുന്നവരും പാട്ടിനോടുള്ള ഇഷ്ടം കൊണ്ടു പാടുന്നവരുമില്ലേ. അങ്ങനെ പാട്ട് മനസിലുള്ള കുറച്ചു പാട്ടുസ്നേഹികളുടെ കൂട്ടം കൂടലാണിത്. നാൽപ്പതോളം പേരാണ് ഈ സംഗീത കൂട്ടായ്മയിലുള്ളത്. പന്ത്രണ്ടുപേരിൽ നിന്നായിരുന്നു തുടക്കം.
പാട്ട് എന്റെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നു. സങ്കടമുള്ളതായാലും സന്തോഷമായാലും സംഗീതം എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അത്ര മാത്രം താത്പര്യമായിരുന്നു പാട്ടിനോട്. ഒരിക്കൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഒരു മ്യൂസിക്ക് പ്രോഗ്രാം വേദിയിൽ അതിഥിയായി എത്തിയപ്പോൾ സംഘാടകർ ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവർ ഒരുപാട് നിർബന്ധിച്ചു. അങ്ങനെ ഒരു വിധം ധൈര്യവുമായി പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ..." എന്ന ഗാനം പാടി. ഒരു വിധം ഒപ്പിച്ചുവെന്നേ പറയാൻ കഴിയൂ. പക്ഷേ, അതൊരു വലിയ ധൈര്യമായിരുന്നു. അന്നാണ് പാട്ടൊന്നു പഠിച്ചെടുക്കണമല്ലോ എന്ന തോന്നലുണ്ടായത്. അന്നുമുതൽ പഠിച്ചു തുടങ്ങി, നന്നായി പരിശ്രമിച്ചു. പാട്ട് പഠിച്ചാൽ പോരല്ലോ, കേൾക്കാൻ ആസ്വാദകർ വേണമല്ലോ. തിരുവനന്തപുരത്ത് മ്യൂസിക് ക്ളബുകൾ ഉണ്ടെന്ന് കേട്ടു. അങ്ങനെയാണ് പുതിയൊരെണ്ണം തുടങ്ങിയാലോ എന്ന് ആലോചിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പാട്ടിനെ സ്നേഹിക്കുന്നവരുണ്ട്. അവരോട് ഈ ആശയം സംസാരിച്ചപ്പോൾ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്.
കുടുംബമെന്ന സ്നേഹസംഗീതം
ഇതൊരു കുടുംബകൂട്ടായ്മയാണ്. മാസത്തിൽ ഒരു തവണ പരിപാടി ഉണ്ടാകും. ഗായകരുടെ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാം. ഒരു ചെറിയ ഹാളൊക്കെ നിറയുന്ന അത്രയും ആൾക്കാർ വരും. ഒന്നാം വാർഷികം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചായിരുന്നു. ആ പരിപാടിക്ക് ശേഷമായിരുന്നു ആത്മവിശ്വാസം കൂടിയത്. ഏറെ അഭിനന്ദനങ്ങളും ഞങ്ങൾക്ക് ലഭിച്ചു. പാട്ട് പഠിച്ചിട്ടില്ലാത്തവർ പാട്ടിനെ പോസിറ്റീവായി സമീപിക്കുന്നതാണ് അത്രയധികം കൈയടികൾക്ക് കാരണമായത്. എട്ടുവയസു മുതൽ എൺപതുവയസ് വരെയുള്ളവർ പാട്ടുകാരിലുണ്ട്. എല്ലാവർക്കും ഒരേ മനസാണ്. അതാണ് ഏറ്റവും വലിയ സന്തോഷം. ഈ കൂട്ടായ്മ ഏറെ പ്രചോദിപ്പിക്കുന്നുവെന്ന് ചിലർ പറഞ്ഞു. ഓരോ പരിപാടിക്ക് ശേഷവും ഇത് പ്രചോദനമാണെന്ന് പറഞ്ഞ് കുറേ പേർ വിളിക്കും. അതാണ് ഏറ്റവും സന്തോഷം. മനസിന് കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ സമ്പത്ത്. അതാത് മാസത്തെ പരിപാടി കഴിഞ്ഞയുടനെ ഞങ്ങളുടെ പാട്ടുഗ്രൂപ്പിൽ ചർച്ചയാണ്, അടുത്തതായി പാടാൻ പോകുന്ന പാട്ടുകളെക്കുറിച്ച്, പരിശീലനത്തെക്കുറിച്ച്, പരസ്പരം അഭിപ്രായങ്ങൾ അറിയിക്കും. അതുകൊണ്ടുതന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ലൈവ് ഓർക്കസ്ട്രയിലാണ് റിഹേഴ്സൽ. കാത്തിരിപ്പാണ് സത്യത്തിൽ. ഇപ്പോൾ പാടുമ്പോൾ പഴയ പേടിയൊന്നുമില്ല, എല്ലാ അംഗങ്ങളും കുടുംബം പോലെയായി. വീട്ടിലിരുന്നത് പാടുന്നതു പോലെ ഇപ്പോൾ പാടാം. പാട്ട് ഒട്ടേറെ സൗഹൃദങ്ങൾ സമ്മാനിച്ചു. പാട്ട് ഇഷ്ടമുളളതുകൊണ്ട് ഒരിക്കലും മടുക്കില്ല. വീണ്ടും വീണ്ടും പാടാൻ തോന്നും. 'സെറീന" ബുട്ടീക്കിൽ ഒഴിവുള്ള സ്ഥലത്ത് മ്യൂസിക്ക് റൂം ഉണ്ടാക്കി. റെക്കാഡിംഗ് റൂം പോലെ സജ്ജീകരണങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. ബിസിനസ് എന്നു പറയുമ്പോൾ ടെൻഷനുണ്ട്, കൂടുതൽ ജോലി ചെയ്യാനുണ്ട്, അതിന്റെ സമ്മർദ്ദമുണ്ട്. ശാന്തതയിലേക്ക് എല്ലാവരെയും തിരിച്ചു നടത്തുന്ന ഒരു അനുഭവം കൂടിയാണിത്. തമിഴ്, ഹിന്ദി, ഇംഗ്ളീഷ് പാട്ടുകളൊക്കെയാണ് സാധാരണ പാടുന്നത്.
ലോക്ക് ഡൗൺ പാട്ടുകൾ
ലോക്ക് ഡൗൺ വന്നപ്പോൾ ആകെയൊരു നിശബ്ദതയായിരുന്നു. പക്ഷേ, ആ അവസ്ഥ പെട്ടെന്ന് മാറ്റി. 'ബീറ്റ് ദ് ബ്ളൂസ് " എന്ന പേരിൽ ആ കാലത്തെ വിഷാദത്തെ നേരിടാൻ ഓൺലൈനിൽ പാട്ടുപരിപാടി നടത്തി. മലയാളം, ഹിന്ദി, തമിഴ് റൗണ്ടുകളായിരുന്നു. ഗംഭീരവിജയമായിരുന്നു. അതിനുശേഷം വീണ്ടും ഒരു റൗണ്ട് കൂടി പൂർത്തിയാക്കി. പിന്നെ ഗ്രാന്റ് ഫിനാലെ. അപ്പോഴേക്കും 'ധ്വനി"യുടെ രണ്ടാം വാർഷികം വന്നു. നന്നായി നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ, സാഹചര്യം അനുകൂലമായിരുന്നില്ലല്ലോ. അതുകൊണ്ട് ഓൺലൈനിൽ ഞങ്ങൾ അത് ആഘോഷമാക്കി മാറ്റി. രാവിലെ പത്തുമണി മുതൽ രാത്രി പത്തുമണിവരെ ഒരേ പാട്ട്. ഞങ്ങളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെ വിദേശത്തുള്ള ബന്ധുക്കൾ വരെ പാടി. 'ധ്വനി ആനിവേഴ്സറി എക്സ്ട്രാവഗൻസ" എന്നാണ് പേരിട്ടത്. സ്മൂൾ ആപ്പ് വഴി പ്രാർത്ഥനയും ദേശീയഗാനവുമുൾപ്പെടെ അഞ്ചു ഗ്രൂപ്പ് സോംഗുകളും അവതരിപ്പിച്ചത് പ്രത്യേകതയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പ്രതികരണങ്ങൾ ലഭിച്ചു. അതായിരുന്നു ഏറ്റവും വലിയ സന്തോഷം. ആനിവേഴ്സറിക്ക് ശേഷം മറ്റൊരു പരിപാടി ഇപ്പോൾ നടക്കുകയാണ്, 'ധ്വനി മ്യൂസിക്കൽ മാരത്താൺ 20-20 " എന്ന പേരിൽ. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ ഓരോ അംഗവും ദിവസവും അഞ്ചോളം പാട്ടുകൾ പാടുന്നതാണിത്. ധ്വനിയുടെ നേത്വത്തിൽ സംഗീതജ്ഞരെ ആദരിച്ച് നേരത്തെ ധനസഹായം നൽകിയിരുന്നു. പുതുവത്സരത്തിൽ വഴുതക്കാട് അന്ധവിദ്യാലയത്തിലെ ബേബി ഗിരിജ ടീച്ചറെയും പ്രതിസന്ധിയിലായ കൂട്ടായ്മയുടെ ഓർക്കസ്ട്രാ അംഗങ്ങളെയും കൊവിഡ് കാലത്തും ആദരിച്ചു. മറ്റുള്ളവരുടെ മുഖത്ത് സന്തോഷം വിരിയുമ്പോഴാണല്ലോ പാട്ടിനും അർത്ഥമുണ്ടാകുന്നത്.