ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 50,000 വെന്റിലേറ്ററുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായി 2000 കോടി രൂപ പിഎം-കെയേഴ്സ് ഫണ്ടിൽ നിന്ന് അനുവദിച്ചു. ഇതുവരെ 2923 വെന്റിലേറ്ററുകൾ നിർമ്മിച്ചു. ഇതിൽ 1340 വെന്റിലേറ്ററുകൾ കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി ഉൾപ്പടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിക്കഴിഞ്ഞു. ഡൽഹിയിലും മഹാരാഷ്ട്രയിലും 275 എണ്ണം വീതമാണ് നൽകിയത്. ഗുജറാത്തിന് 175, ബീഹാർ 100, കർണാടക 90, രാജസ്ഥാൻ 75 എന്നിങ്ങനെ എണ്ണം വെന്റിലേറ്ററുകൾ അനുവദിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പണം അനുവദിച്ചു. ആയിരം കോടി രൂപയാണ് ഇങ്ങനെ നൽകിയത്. ഏറ്റവുമധികം പണം നൽകിയത് മഹാരാഷ്ട്രയ്ക്കാണ് 181 കോടി. ഉത്തർപ്രദേശ് 103 കോടി, തമിഴ്നാട് 83 കോടി, ഗുജറാത്ത് 66 കോടി, ഡൽഹി 55 കോടി, പശ്ചിമ ബംഗാൾ 53 കോടി, ബീഹാർ 51 കോടി, മദ്ധ്യപ്രദേശ് 50 കോടി, രാജസ്ഥാൻ 50 കോടി, കർണാടക 34 കോടി.
സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗങ്ങൾ ചേരുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. രാജ്യം കോവിഡിനെ നേരിടുന്നത് നല്ല രീതിയിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി സർക്കാരുമായും ഗവർണറുമായും ഉദ്യോഗസ്ഥരുമായും പ്രത്യേകം യോഗം ചേർന്ന് രാജ്യ തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രാഥമിക തലം മുതൽ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ഈ യോഗങ്ങളിൽ തീരുമാനമായി.
നിലവിൽ രാജ്യത്ത് 4,40,215 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. പുതിയതായി 14,933 പേർക്ക് രോഗബാധയുമുണ്ടായി.