കുരങ്ങുകൾ മനുഷ്യരുമായി ഇടകലർന്നു ജീവിക്കുന്ന ഒരു സ്ഥലമാണ് നീലഗിരി. സാധാരണ ഗതിയിൽ മനുഷ്യരെ അവ ഉപദ്രവിക്കാറില്ല. സ്ത്രീ സംവരണവും സുരക്ഷയും അതേക്കുറിച്ചുള്ള നെടുങ്കൻ പ്രസംഗങ്ങളും കശപിശയുയൊക്കെ വെറും പറച്ചിൽ മാത്രമാണെന്ന് ഇവരും മനസിലാക്കിയിരിക്കണം! കാരണം തരം കിട്ടിയാൽ സ്ത്രീകളെയും കുട്ടികളെയും ഇവർ പേടിപ്പിക്കാനും വസ്ത്രാക്ഷേപം നടത്താനുമൊക്കെ ശ്രമിക്കാറുണ്ട്. കൂട്ടത്തിൽ അല്ലറ ചില്ലറ മോഷണങ്ങളും ചെറിയ രീതിയിൽ ഭവനഭേദനവും ഒക്കെ നടത്താറുമുണ്ട് ! കുറ്റകൃത്യങ്ങൾ കൂടുമ്പോൾ അറ്റകൈക്ക് വനപാലകരെത്തി കെണിയിലാക്കി തുറുങ്കിലടച്ച് നാടുകടത്തും.
ഒരു ദിവസം മൂന്നാല് നിലകളുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ കാമറയുമായി നിൽക്കുമ്പോൾ താഴെയുള്ള ഒരു ബിൽഡിംഗിന്റെ മുകളിൽ വച്ചിരിക്കുന്ന വലിയ വാട്ടർ ടാങ്കിനടുത്തേക്ക് മൂന്നാല് കുരങ്ങുകൾ വരുന്നതു കണ്ടു. അപ്പോഴേക്കും പടമെടുക്കാൻ പാകത്തിൽ കാമറ ശരിയാക്കിവച്ചു. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ഞാൻ നിൽക്കുന്നത് കുറെ ഉയരത്തിലാണ്. സബ്ജക്ട് കണ്ണിനു പാരലായി അഥവാ ഐ ലെവൽ ആണെങ്കിലേ സാധാരണ പേഴ്സ്പെക്ടീവ് ശരിയായി ചിത്രത്തിൽ തുന്നുകയുള്ളു. അല്ലെങ്കിൽ വാനിഷിംഗ് പോലുള്ള ചില കുഴപ്പങ്ങൾ ഉണ്ടാകാം. അതായത് മുകളിൽ നിന്നുള്ള ദൃശ്യമായിരിക്കുമല്ലോ കിട്ടുന്നത്. എന്നാൽ പ്രത്യേക എഫക്ടുള്ള ചില നല്ല ഏരിയൽ പടങ്ങൾ ഈ രീതിയിൽ എടുക്കാനും സാധിക്കും എന്നത് വേറെ കാര്യം!
ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അവസരം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. പോകട്ടെ ! വന്ന കുരങ്ങുകൾ ഓരോന്നായി വലിയ ടാങ്കിന്റെ മുകളിൽ കയറി. അതിശയമായിതോന്നിയകാര്യം അവ ഓരോന്നും ടാങ്കിന്റെ മുകൾ ഭാഗത്തെ ആകെയുള്ള നാല് പടികളിലായി കൃത്യമായി ഏതാണ്ട് ഒരേസ്ഥാനങ്ങളിൽ ഓരോന്നും പിടിച്ചുകൊണ്ടു എനിക്കുവേണ്ടി പോസുചെയ്തു തന്നു എന്നതാണ് ! അവ നാലും ഒരേപോലെ മുകളിലേക്ക് നോക്കുകയും ചയ്തു. ഒറ്റക്ലിക്കിനേ അവസരം കിട്ടിയുള്ളൂ .തികച്ചും അസാധാരണമായ ഒരു ക്ലിക്കായിരുന്നു അത്. ഓരോന്നിനെയും അവിടെ പിടിച്ചു കൊണ്ടിരുത്തി ചെയ്യിച്ചാൽ പോലും ഇങ്ങനെ ഒരു സീൻ ഇനി ഒത്തുകിട്ടുമെന്നു തോന്നുന്നില്ല!
കൂട്ടത്തിൽ ഒരുത്തൻ ആവേശം മൂത്തു അടുത്ത് അയകെട്ടിയിരുന്ന കയറിൽ പിടിച്ചുകൊണ്ടാണ് മുകളിലേക്ക് നോക്കുന്നത്. എനിക്കോ മറ്റാർക്കെങ്കിലുമോ ഈ ദൃശ്യം ഇനിയൊരിക്കലും പകർത്തനാവുമെന്നു തോന്നുന്നില്ല. വലിയ നിലവറകളുടെയും പഴയകാലത്തെ തടവറകളുടെയും മറ്റും വാതിലുകൾ അടിമകളെക്കൊണ്ട് കറക്കിയും തിരിച്ചും തുറക്കുന്ന കഥകളോ സിനിമയോ ഒക്കെ പലരും കണ്ടിട്ടും കേട്ടിട്ടുമൊക്കെയുണ്ടാകുമല്ലോ. അത്തരം ഒരു സീനാണ് മുകളിൽനിന്നുള്ള ഈ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. നാലുപേരും ചേർന്ന് കറക്കിത്തിരിച്ചു വാട്ടർ ടാങ്കിന്റെ മുകൾ ഭാഗം തുറക്കാനുള്ള ശ്രമമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും.