pak

റാവൽപിണ്ടി: ഇംഗ്ളണ്ടുമായുള‌ള പരമ്പരയ്ക്ക് മുന്നോടിയായി തിരഞ്ഞെടുത്ത താരങ്ങൾക്ക് നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻനിര കളിക്കാർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദർ അലി, ഹാരിസ് റൗഫ്,ഷദബ് ഖാൻ എന്നിവർക്കാണ് റാവൽപിണ്ടിയിൽ നടന്ന പരിശോധനയിൽ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്ര് ബോർഡ് അറിയിച്ചു.

പാകിസ്ഥാൻ ടീമിലെ ഓൾറൗണ്ടറാണ് ഷദബ് ഖാൻ, മുൻനിര വലംകൈ ബാറ്റ്സ്‌മാനാണ് ഹൈദർ അലി, ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിച്ചിട്ടുള‌ള ബൗളറാണ് ഹാരിസ് റൗഫ്. ടീമിലെ മറ്റ് കളിക്കാർക്കും അംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. മൂന്ന് കളിക്കാരോടും ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻപ് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.