1. പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ട്രൂ നാറ്റ് പരിശോധന അപ്രായോഗികം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് നിര്‍ദേശം തള്ളിയത്. വിദേശകാര്യ മന്ത്രാലയം ആണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിലും പരിമിതി ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു.
2. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഇരുന്നു. കൊവിഡ് പോസിറ്റീവ് ആയവരില്‍ നിന്നും വിമാനത്തില്‍ വച്ച് മറ്റുള്ളവരിലേക്ക് പകരാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗര്‍ഭിണികളിലേക്കും മറ്റ് രോഗങ്ങള്‍ ഉള്ളവരിലേക്ക് രോഗം പടരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും എന്നും സംസ്ഥാനം വിശദമാക്കി. എന്നാല്‍ ട്രൂനാറ്റ് പരിശോധന അപ്രായോഗികം ആണെന്നും, പരിശോധന അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ട് ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
3 ലോക്ഡൗണില്‍ തളര്‍ന്ന മലയാള സിനിമയെ ഉണര്‍ത്തി സൈബര്‍ കലാപം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ വരുന്നു എന്ന പ്രിത്ഥിരാജിന്റെ പോസിറ്റിനു പിന്നാലെ ആണ് സൈബറിടങ്ങളില്‍ വന്‍ ലഹള ഉടലെടുത്തത്. കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് എന്ന സിനിമയുമായി മുന്നോട്ട് എന്ന പ്രഖ്യാപനവുമായി പി.ടി കുഞ്ഞു മുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും ആണ് രംഗത്ത് എത്തിയത്. നായകനെ വില്ലന്‍ ആക്കുന്ന സിനിമ അലി അക്ബറും പ്രഖ്യാപിച്ചു
4 ഒരാളുടെ പേരില്‍ ഒരേകാലത്ത് നാല് ചിത്രങ്ങള്‍ വളരെ അപൂര്‍വം ആണ്. അതേസമയം, സൈബര്‍ ആക്രമണം പൃത്ഥിരാജിനേയോ റിമ കല്ലിങ്കലിനേയോ ബാധിക്കില്ല എന്ന് സംവിധായകന്‍ ആഷിഖ് അബു. സൈബര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചത് ആണ്. ഒരുപാട് ഗൂഢാലോചനകള്‍ നടന്ന കാലത്തെ കുറിച്ച് പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് നല്ലത് ആണ്. ഒന്നിലധികം സിനിമകള്‍ വേണം എന്നും ആരെയും വേദനിപ്പിക്കാന്‍ ലക്ഷ്യമില്ലെന്നും ആഷിഖ് അബു പറഞ്ഞു
5 രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് രോഗം ബാധിച്ചു. 312 പേരാണ് ഇന്നലെ മാത്രം രോഗബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു. ഇതുവരെ 4,40,215 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 1,78,014 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ പുതുതായി 3721 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,000 കടന്നു. ആകെ മരണം 6283 ആയി. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2,710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ കൂടി മരിച്ചു.
6 സംസ്ഥാനത്തെ ആകെ കേസുകള്‍ 62,087 ആയി ഉയര്‍ന്നു. മരണം 794 ആയി. 27,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുര,വെല്ലൂര്‍, റാണിപേട്ട് ജില്ലകളും പൂര്‍ണ്ണമായി അടച്ചിടും. അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഫീസില്‍ അണുനശീകരണം നടത്തും. കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടേയും രണ്ട് ആണ്‍മക്കളുടേയും പരിശോധനാഫലം നെഗറ്റീവാണ്. മന്ത്രിയുടെ അച്ഛന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്.
7 ഡല്‍ഹി മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം പൊസിറ്റീവാണ്. 12 പേര്‍ക്ക് രോഗമില്ലെന്ന് ഡല്‍ഹി ജയില്‍ വകുപ്പ് അറിയിച്ചു. മരിച്ച ശേഷമാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍കുമാര്‍ ആണ് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു
8 ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വിസകള്‍ വിലക്കി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എച്ച് 4, എല്‍, ജെ വീസകള്‍ ഡിസംബര്‍ 31 വരെ നല്‍കില്ല. ഇന്ത്യക്കാരായ തൊഴില്‍ അന്വേഷകരെ മാത്രമല്ല യു.എസില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികളെയും ബാധിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടു. വിദഗ്ധ തൊഴിലാളികളുടെയും ലാന്‍ഡ് സ്‌കേപിംഗ് പോലെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല നിയമനങ്ങളും ഇതോടെ നടക്കില്ല. വിദ്യാര്‍ഥി, തൊഴില്‍, സാംസ്‌കാരിക വിനിമയ പരിപാടികളുെട ഭാഗമായുള്ള ജെ വീസുകളും നല്‍കില്ല. ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ ജീവിത പങ്കാളിക്ക് വീസ നല്‍കുന്നത് നിര്‍ത്തലാക്കി ഏപ്രില്‍ 22ന് നിലവില്‍ വന്ന നിയന്ത്രണത്തിന് പുറമേയാണിത്.
9 മാനേജര്‍മാരെ ഉള്‍പ്പെടെ ഒരു കമ്പനിയില്‍ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല. തദ്ദേശീയര്‍ക്ക് അഞ്ചേകാല്‍ലക്ഷം അധിക തൊഴില്‍ അവസരങ്ങള്‍ ഇതോടെ ലഭിക്കും. അതേസമയം, ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ളവര്‍ക്കും സര്‍വകലാശാല അദ്ധ്യാപകര്‍ക്കും വീസ ലഭിക്കും. ഭാവിയില്‍ മികച്ച ശമ്പളമുള്ള, തൊഴിലില്‍ നല്ല മികവുള്ളവര്‍ക്ക് മാത്രം എച്ച് 1 ബി വീസ നല്‍കാനാണ് ട്രംപിന്റെ നീക്കം. കൊവിഡ് ബാധിച്ച സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നതാണ് നടപടിയെന്ന് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കി. നിരാശാജനകമായ തീരുമാനമെന്നും കുടിയേറ്റക്കാര്‍ക്കായി നിലകൊള്ളുമെന്നും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.