drones

ലഡാക്ക്: ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളിൽ സാങ്കേതിക ഡ്രോൺ നിരീക്ഷണം വർദ്ധിപ്പിച്ചു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്തോ-ടിബറ്റൻ ബോർഡറിൽ ഇന്ത്യ കൂടുതൽ സൈന്യത്തിനെ വിന്യസിച്ചതിന് പിന്നാലെയാണിത്. കരസേനയെ പിന്തുണച്ച് ഇന്റോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി)​ ബറ്റാലിയനുകളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ പരംജിത് സിംഗ്, ജനറൽ ഡയറക്ടർ എസ് എസ് ദേസ്വാൾ എന്നിവർ അനുകൂലിച്ചു.

പടിഞ്ഞാറൻ മേഖലകളിലേയും, മദ്ധ്യ മേഖലയിൽ നിന്നും, കിഴക്കൻ മേഖലകളിൽ നിന്നുമുള്ള അതിക്രമങ്ങൾ തടയാൻ ഇന്ത്യ പ്രത്യേക സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് 7000 ഐ‌ടിഡിപി സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ 1547 കിലോമീറ്റർ എൽ‌എസിയിൽ 65 പട്രോളിംഗ് പോയിന്റുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ പട്രോളിംഗിനായി വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്കുള്ളിലെ ആക്രമണം തടയുന്നതിന് സൈന്യത്തിന് എല്ലാ രീതിയിലുള്ള പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്രെ ഭാഗമായി കൂടുതൽ ഡ്രോണുകൾ സ്വന്തമാക്കാൻ ഉന്നത തലത്തിൽ സേനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ഉപയോഗിക്കുന്ന ഇസ്രായേലി ഹെറോ‍ൺ മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻ‌ഡുറൻസ് ഡ്രോണാണ് ഇപ്പോൾ പ്രദേശത്ത് സാങ്കേതിക നിരീക്ഷണം നടത്തുന്നത്.