ഓർക്കാപ്പുറത്ത് പ്രിയ കൂട്ടുകാരൻ സച്ചി യാത്ര പറയാതെ പോയതിന്റെ വേദന ഇനിയും മാറിയിട്ടില്ല, ഒട്ടേറെ സിനിമകളിൽ തോളോടുതോൾ ചേർന്നുണ്ടായിരുന്ന കൂട്ടുകാരൻ സേതുവിന്. കണ്ണടയ്ക്കുമ്പോൾ ഉള്ളിൽ തെളിയുന്നത് സച്ചിയുടെ മുഖമാണ്, കാതോർത്താൽ കേൾക്കുന്നത് അവന്റെ സ്വപ്നങ്ങളും. സേതുവിന്റെ ഓർമ്മകൾ...
വല്ലാത്ത ശൂന്യത തോന്നുന്നു ഇപ്പോൾ. മുമ്പൊരിക്കലും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടില്ല. സച്ചി, മലയാളി സിനിമകളിലൂടെ ഓർക്കുമ്പോൾ എനിക്കത് എന്റെ പാതിയായിരുന്നു, ഒരാളിനോട് നമുക്ക് തീവ്രമായ ആത്മബന്ധം തോന്നുവാൻ കൂടെപിറപ്പായി ജനിക്കണമെന്നോ വർഷങ്ങളുടെ സ്നേഹബന്ധം വേണമെന്നോ ഇല്ല എന്നതിന്റെ തിരിച്ചറിവായിരുന്നു. വളരെ പെട്ടന്ന് അടുത്ത രണ്ടുപേർ. ഇപ്പോൾ അതിലും വളരെ പെട്ടന്ന് ഒരാൾ കടന്നു പോകുമ്പോൾ തോന്നുന്ന നൊമ്പരം സ്വാഭാവികമായിരിക്കാം. എന്നാൽ ഒത്തുചേരാൻ വീണ്ടും കൊതിച്ച് പറയാനേറെ ബാക്കിയാക്കി സച്ചി പോയതുകൊണ്ടാകാം ആ നൊമ്പരത്തിന് തീവ്രത ഇരട്ടിയാകുന്നത്. സച്ചി പറഞ്ഞതിനേക്കാൾ ഏറെ പറയാനിരിക്കുന്നതായിരുന്നു.
ഓർക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നു. എത്ര പെട്ടന്നായിരുന്നു ഞങ്ങൾ ഒന്നിച്ചത്. ഹൈക്കോടതിയിൽ ഒരേ കാലത്ത് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നവരായിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ ഒരു പരിചയവും ഇല്ലായിരുന്നു. ഹൈക്കോടതിയുടെ സമീപത്തുള്ള മെട്രോ പ്ളാസയിലായിരുന്നു എന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇതിനിടിയിൽ എന്റെ ഓഫിസിനോട് ചേർന്നു തന്നെ മറ്റൊരു ഭാഗത്ത് അപരിചിതനായ ഒരു വക്കീലും തന്റെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. അഡ്വ. ആർ. സച്ചിദാനന്ദൻ എന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ട സച്ചി. അങ്ങനെ കേസുകെട്ടുകൾക്കും നിയമപുസ്തകങ്ങൾക്കും ഇടയിൽ ഞങ്ങൾ പരിചിതരായി. പരസ്പരം അറിഞ്ഞപ്പോൾ മനസിലായി രണ്ടുപേരുടെയും സ്വപ്നം സിനിമ തന്നെ. പിന്നെ അങ്ങോട്ട് കേസുകെട്ടുകൾക്ക് ഇടവേള നൽകി സിനിമ മാത്രം ചർച്ചയാക്കി. പഠിച്ചതും അറിയാൻ ശ്രമിച്ചതുമൊക്കെ സിനിമയുടെ നിയമങ്ങൾ മാത്രമായി. അതോടെ വക്കീൽ കുപ്പായത്തോട് മനസ് ഒബ്ജക്ഷൻ ചൊല്ലി തുടങ്ങി. സമാനഹൃദയനായ ഒരാളെ അക്കാലത്ത് കണ്ടപ്പോൾ തോന്നിയ സന്തോഷം ഞങ്ങൾ രണ്ടാൾക്കും ചെറുതായിരുന്നില്ല. രണ്ടു പേരുടെയും മനസിൽ സിനിമയാണ്. എന്നാൽ പിന്നെ ഇനി അങ്ങോട്ടുള്ള യാത്രകളും ഒന്നിച്ചാകാം എന്നു തീരുമാനിക്കുന്നത് അങ്ങനെയാണ്.
പതിയെ കോടതിമുറികൾക്ക് ഇടവേള നൽകി സിനിമയിലേക്കു കടന്നു. റോബിൻഹുഡ് എന്ന ചിത്രം എഴുതി പൂർത്തിയാക്കി. അപരിചിതമായ സിനിമ ലോകത്ത് എങ്ങനെ എത്തുമെന്ന ചിന്തയും അക്കാലത്ത് ഞങ്ങളെ അലട്ടാതിരുന്നില്ല. ആകെ പരിചയം നിർമാതാവായ വർണചിത്ര മഹാസുബൈറിനെ മാത്രം. സുബൈറിന്റെ സഹായത്തോടെ തിരക്കഥയുമായി പല സംവിധായകരേയും കണ്ടു. പല കാരണങ്ങൾകൊണ്ടും ആ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ അവിചാരിതമായാണ് ഞങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന അഡ്വ. ബെന്നി ആന്റണി ഈ സിനിമ നിർമിക്കാം എന്നു സമ്മതിക്കുന്നത്. അതോടെ സംവിധാനവും നമുക്കു തന്നെ ചെയ്യാം എന്നു ഞങ്ങൾ തീരുമാനമെടുത്തു. അതുൽ കുൽക്കർണിയെ കൊണ്ടു വന്ന് പൂജയും നടത്തി. എന്നാൽ പിന്നീട് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളെ തുടർന്ന് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. അപ്പോഴും ശ്രമങ്ങൾ തുടർന്നു. പിന്നെയും കാത്തിരിക്കേണ്ടി വന്നത് രണ്ടു വർഷങ്ങൾ. ഇതിനിടയിൽ റോബിൻഹുഡിന്റെ തിരക്കഥയുമായി സംവിധായകൻ ഷാഫിയെ സമീപിച്ചു. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടെങ്കിലും തനിക്ക് ചെയ്യാൻ കഴിയുന്ന ഒരു സിനിമയല്ല ഇത് എന്നായിരുന്നു ഷാഫിയുടെ മറുപടി. പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റ് അവിടെ നിന്നും ഇറങ്ങും മുൻപ് മനസിലുള്ള മറ്റൊരു കഥാസാരം ഞങ്ങൾ അദ്ദേഹത്തോടു പങ്കുവച്ചു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളജിൽ പഠിക്കാനെത്തുന്ന ചെറുപ്പക്കാരൻ. ഇത്രയും കേട്ടപ്പോൾ തന്നെ ഷാഫി ഓക്കെ പറഞ്ഞു. അതോടെ മധുരമുള്ള ഞങ്ങളുടെ ആദ്യ ചിത്രം പിറന്നു, ചോക്ക്ളേറ്റ്.
പിന്നീട് ഞങ്ങളുടെ രണ്ടാമത്തെ ചിത്രമായി പുറത്തു വരുന്നത് ആദ്യമായി ചെയ്യാൻ ഇരുന്ന റോബിൻഹുഡാണ്. തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയായിരുന്നു ഞങ്ങൾ റോബിൻഹുഡുമായി ജോഷി സാറിനെ സമീപിച്ചത് തന്നെ. പിന്നീടങ്ങോട്ട് ഒന്നിച്ചൊരു യാത്രയായിരുന്നു. ആദ്യ സിനിമകളുടെ വിജയം ഞങ്ങൾക്കു പകർന്ന ധൈര്യം ചെറുതായിരുന്നില്ല. ഇക്കാലത്തു തന്നെ മല്ലുസിങ് എന്റെ മനസിലും റൺ ബേബി റൺ സച്ചിയുടെ മനസിലും ഉണ്ടായിരുന്നു. ഈ കഥകളിൽ ഞങ്ങൾ രണ്ടാൾക്കും ചില അഭിപ്രായ വ്യത്യാസങ്ങൾ തോന്നിയതുകൊണ്ടാണ് ഒന്നിച്ചെഴുതാതെ പോയത്. പിന്നീട് രണ്ടു ചിത്രങ്ങളും ഹിറ്റായി എന്നത് മറ്റൊരു കാര്യം.
ഒന്നിച്ചെഴുതിയ അഞ്ചു സിനിമകളിലും ഞങ്ങൾ രണ്ടുപേരുടെയും മനസുണ്ടായിരുന്നു. പൂർണമായും രണ്ടുപേർക്കും സംതൃപ്തി നൽകിയതു മാത്രമാണ് ഞങ്ങൾ എഴുതിയത്. സിനിയേഴ്സിന്റെ വലിയ വിജയത്തിന് ഇടയിലായിരുന്നു നമുക്ക് രണ്ടു വഴിയിലൂടെ സഞ്ചരിക്കാം എന്നു തീരുമാനിക്കുന്നത്. അവിചാരിതമായി ഒന്നിച്ച ഞങ്ങൾക്ക്ഇനി സ്വതന്ത്രമായി മാറണം എന്നു തോന്നിയത് സ്വാഭാവികം മാത്രം. ഒറ്റയ്ക്കു സഞ്ചരിച്ചപ്പോഴും വിജയം കൂട്ടായി എത്തിയതോടെ ഞങ്ങളുടെ തീരുമാനം തെറ്റായി പോയില്ലെന്ന് പ്രേക്ഷകരും അംഗീകരിച്ചു.
അപ്പോഴും സിനിമയിൽ മാത്രമായിരുന്നു ഞങ്ങൾ സ്വതന്ത്രരായി സഞ്ചരിച്ചത്. ഞങ്ങളുടെ സൗഹൃദവും യാത്രകളും ഒത്തുച്ചേരലുകളുമൊക്കെ തുടർന്നു കൊണ്ടേ ഇരുന്നു. ശബരിമലയിലേക്കും മൂകാംബികയിലേക്കുമൊക്കെയുള്ള ആ യാത്രകൾ ഇപ്പോൾ ഓർക്കുമ്പോൾ ഒരു വിങ്ങൽ തോന്നുന്നു. ഞങ്ങൾ ഞങ്ങളുടെ ഓരോ സിനിമയും പരസ്പരം ചർച്ച ചെയ്തു. കണ്ടതും കേട്ടതുമൊക്കെ പങ്കിട്ടു.
പലരും പിന്നീട് ചോദിച്ചിട്ടുണ്ട്, സച്ചിയും സേതുവും ഇനിയും ഒന്നിക്കുമോ എന്ന്. സച്ചിയും സേതുവും ഇനിയും ഒന്നിക്കുമായിരുന്നു. പ്രേക്ഷകരേക്കാൾ ഞങ്ങളായിരുന്നു അത് ആഗ്രഹിച്ചിരുന്നത്. വലിയ ഒരു കാൻവാസിൽ വലിയൊരു സിനിമ. അങ്ങനെയൊരു സിനിമയുടെ പ്രാരംഭ ചർച്ചകളും നടത്തിയതാണ്. വീണ്ടും ആ ഒത്തുചേരൽ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങൾ കാത്തിരുന്നത്. ജീവിതത്തിലെ ഒരിക്കലും നടക്കാത്ത സ്വപ്നമായി അത് മാറിയെന്നത് സങ്കടത്തോടെ മാത്രമേ എനിക്ക് ഓർക്കുവാൻ കഴിയുന്നുള്ളു. സ്ക്രീനിൽ ഇനി സച്ചി എന്നു കാണില്ലല്ലോ...
സച്ചിയുടെ നല്ല സിനിമകൾ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളു. നമ്മൾ ഇതുവരെ കണ്ടറിഞ്ഞ കച്ചവട സിനിമകളായിരുന്നില്ല സച്ചിയുടെ മനസിൽ.. കലാമൂല്യമുള്ള സിനിമക്കൊപ്പമായിരുന്നു ആ ചിന്ത. തന്റേതായ സിനിമയായി താലോലിച്ചിരുന്നതും അത്തരം സിനിമകളെയായിരുന്നു. കച്ചവട സിനിമകളെ അമിതമായി കാണുകയോ ആസ്വദിക്കുകയോ ചെയ്തിരുന്നില്ല സച്ചി ഒരിക്കലും. കണ്ടാൽ തന്നെ വിമർശന ബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്. അത്തരം സിനിമകൾ ചെയ്യുമ്പോഴും എഴുതുമ്പോഴും സച്ചി തന്റെ മനസിനെ ബോധപൂർവം പാകപ്പെടുത്തി എടുക്കുകയായിരുന്നു പലപ്പോഴും. കലാമൂല്യമുള്ള സിനിമകളുമായി സച്ചി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുമായിരുന്നു ഒരിക്കൽ. ഒരിക്കലും മറ്റൊരു നിർമാതാവിന്റെ ചെലവിൽ അത്തരമൊരു പരീക്ഷണ സിനിമ ഒരുക്കുവാനും ആഗ്രഹിച്ചിരുന്നില്ല. സച്ചിയുടേതായി ഒരിക്കലും നടക്കാതെ പോയ സ്വപ്നം ഒരുപക്ഷേ അതായിരിക്കും.
സച്ചി എന്ന സിനിമാക്കാരനെപോലെ ആർക്കും ഇഷ്ടം തോന്നുന്നതായിരുന്നു ആ വ്യക്തിത്വവും. സുഹൃത്തുക്കളായിരുന്നു എന്നും സച്ചിയുടെ ലോകം. കുടുംബ ജീവിതത്തിലേക്കു കടക്കാൻ വൈകിയതുപോലും അതുകൊണ്ടാണെന്ന് തോന്നാറുണ്ട് എനിക്ക് ചിലപ്പോൾ. എന്നേക്കാൾ മുന്നേ സിനിമയെ ഗൗരവമായി കണ്ടയാളും സച്ചിയായിരുന്നു. മൂന്നു സിനിമകളുടെ വിജയത്തിനു ശേഷമായിരുന്നു ഇനി സിനിമയാകണം എന്റെ ജീവിതമെന്ന് ഞാൻ ഉറപ്പിച്ചത്. എന്നാൽ സച്ചി ആദ്യ സിനിമയുടെ വിജയത്തോടെ തന്നെ ഇനി സിനിമയാണ് തന്റെ വഴി എന്ന് തീരുമാനിച്ചിരുന്നു. അത്രത്തോളം ആത്മവിശ്വാസമായിരുന്നു സച്ചിയ്ക്ക്. സമ്മാനിക്കാൻ ഇനിയും നല്ല സിനിമകൾ ബാക്കിയാക്കി സച്ചി യാത്രയായി. നഷ്ടം നമ്മുടേതാണ്.
(തയ്യാറാക്കിയത് : പി. അയ്യപ്പദാസ്)