വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്‌ടം സ്വന്തമാക്കിയ നടിയാണ് ദുർഗ കൃഷ്‌ണ. മലയാളിത്തം തിളങ്ങുന്ന മുഖം. ചെയ്‌ത കഥാപാത്രങ്ങൾക്കെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച നടി. ദുർഗ സംസാരിക്കുന്നു...
പുതിയ മുഖത്തിനാണ് ഡിമാൻഡ്
സിനിമയിൽ പുതിയ നായികമാർക്കാണ് ഇപ്പോൾ പരിഗണന. പണ്ടത്തെപ്പോലെ നായികമാർ ഒരുപാടു വർഷം നിൽക്കാത്തതിന്റെ ഒരു കാരണം അതാവാം. പുതിയ നായിക വന്ന് സ്വന്തമായൊരിടം സൃഷ്‌ടിച്ച് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറാകുമ്പോഴേക്കും അടുത്ത നായിക എത്തും. നായികമാർ ഡിമാൻഡ് ചെയ്‌താൽ ആ നായിക വേണ്ട പുതിയ ആളെ നോക്കാമെന്ന് തീരുമാനിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുന്നത് ചില പ്രോജക്‌ടുകളിൽ കണ്ടിട്ടുണ്ട്. നടന്മാരുടെ കാര്യം അങ്ങനെയല്ല. ഒരു നായകൻ അല്ലെങ്കിൽ മറ്റൊരു നായകൻ നിർബന്ധമാണ്. എന്നാൽ നായികയുടെ കാര്യത്തിൽ അത്തരം നിർബന്ധമില്ല. ഒരുപാട് നായികമാർ വന്നുകൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്‌ടപ്പെടും. എല്ലാ താരങ്ങളും ഇത് നേരിടുന്നുണ്ട്. സീനിയർ ആർട്ടിസ്റ്റുകൾ പോലും ഏറെ സ്ട്രഗിൾ ചെയ്യുന്നു. എന്റെ ആദ്യ ചിത്രത്തിൽ മറ്റൊരു നായികയെയാണ് ആദ്യം സമീപിച്ചതെന്ന് നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്‌നമായി വന്നു. അങ്ങനെയാണ് പുതിയ ആളെ നോക്കാമെന്ന് തീരുമാനിച്ചതത്രേ. ഇങ്ങനെയാണ് ഓരോ നായികമാരും എത്തുന്നത്.
പാളിച്ചകളുണ്ടായിട്ടുണ്ട്
ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്‌തിട്ടില്ല. സിനിമ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്. ചില സിനിമകൾ ചെയ്‌ത ശേഷമാണ് അതിന്റെ പോരായ്‌മ മനസിലാക്കാൻ കഴിയുക. തെറ്റുകളിൽ നിന്നാണ് നമ്മൾ പാഠങ്ങൾ പഠിക്കുന്നത്. കമ്മിറ്റ് ചെയ്‌തശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുമുണ്ട്. ദുർഗ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് പറയുന്ന രീതിയിലേക്ക് ഞാനെത്തിയിട്ടില്ല. നല്ല അവസരങ്ങളാണ് ഒരു നടനെയും നടിയെയും നിലനിറുത്തുന്നത്. നല്ലതെന്ന് തോന്നുന്ന സിനിമയുടെ ഭാഗമാവാനേ കഴിയൂ. ദൈവാനുഗ്രഹം കൊണ്ട് ആദ്യ സിനിമയിൽ തന്നെ ശക്തമായ കഥാപാത്രത്തെ കിട്ടി. 'വിമാനം" എന്നെ സംബന്ധിച്ച് ഒരു പെർഫോമൻസ് മൂവിയായിരുന്നു.
എന്റെ സിനിമകൾ രണ്ടു വട്ടം കാണും
നേരത്തേ കഥ ആസ്വദിക്കുക, നായികാ നായകന്മാരെ ശ്രദ്ധിക്കുക, മറ്റു കഥാപാത്രങ്ങളെ ഇഷ്‌ടപ്പെടുക എന്നതായിരുന്നു സിനിമ കണ്ടിരുന്ന രീതി. പിന്നണിയിൽ പ്രവർത്തിച്ചവരെയോ അവരുടെ കഷ്‌ടപ്പാടുകളോ ഒന്നും അറിഞ്ഞില്ല. ഇപ്പോൾ സാങ്കേതികമായി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ ഷോട്ടും മാറുന്നത് കൃത്യമായി അറിയാനും ഓരോ ആർട്ടിസ്റ്റുകളുടെയും പ്രകടനം കൂടുതൽ ശ്രദ്ധിക്കാനും ആരംഭിച്ചു. എല്ലാ സിനിമയും ആസ്വദിച്ച് കാണുന്നതിന്റെ സുഖം അനുഭവപ്പെടുന്നു. ഞാനഭിനയിക്കുന്ന സിനിമകൾ രണ്ടു പ്രാവശ്യം കാണാറുണ്ട്. ആദ്യ പ്രാവശ്യം ആസ്വദിച്ച് കാണാൻ പറ്റില്ല. ഞാനതിന്റെ ഓരോ ഭാഗങ്ങളായിരിക്കും ശ്രദ്ധിക്കുക. രണ്ടാം പ്രാവശ്യമാണ് ആസ്വദിച്ച് കാണുന്നത്.
പല സിനിമകളും കാണുമ്പോൾ ആ കഥാപാത്രം ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്.