pic

തിരുവനന്തപുരം: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിലൂടെ ശ്യാംപ്രസാദ് മുഖർജിയുടെ പോരാട്ടം നരേന്ദ്രമോദി സർക്കാർ യാഥാർത്ഥ്യമാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു . ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ സംഘടിപ്പിച്ച ശ്യാംപ്രസാദ് മുഖർജി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്യാംപ്രസാദ് മുഖർജിയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബി.ജെ.പി മാറിയത് ശ്യാംപ്രസാദ് മുഖർജിയുടെ ജീവത്യാഗത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണെന്നും പാർട്ടിയെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ ആദർശമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുതിന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എം എൽ എ പറഞ്ഞു. മുഖർജി മരിച്ചപ്പോൾ ജനസംഘം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചിലർ പറഞ്ഞു. എന്നാൽ ശക്തമായി പ്രവർത്തിച്ച് പാർട്ടി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മൂന്ന് സീറ്റുകൾ നേടി സാന്നിധ്യം അറിയിച്ചു. നെഹ്‌റുവിന് സമാനമായ ആദരവ് ലഭിച്ചിരുന്ന നേതാവായ ശ്യാംപ്രസാദ് മുഖർജിയുടെ മരണം ഇന്നും ദുരൂഹമാണ്. ഷേയ്ക്ക് അബ്ദുള്ളയ്ക്ക് അദ്ദേഹത്തോട് വലിയ വെറുപ്പായിരുന്നെന്നും രാജഗോപാൽ ഓർമ്മിപ്പിച്ചു. ഈ വർഷം സ്വർഗത്തിലിരുന്ന് അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, കെ.രാമൻ പിള്ള, പി.രാഘവൻ,ജി.ഗിരീഷ് എന്നിവർ പങ്കെടുത്തു.