വാഷിംഗ്ടൺ: പുതിയ കുടിയേറ്റക്കാർക്ക് 'ഗ്രീൻ കാർഡുകൾ' നൽകുന്നത് ഡിസംബർ 31 വരെ മരവിപ്പിച്ച് അമേരിക്ക. എച്ച് -1 ബി, എച്ച് - 4 എച്ച്1 ബി വിസകളും ഒരു വർഷത്തേക്ക് നിറുത്തി വയ്ക്കും.
കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമായി വിദേശ തൊഴിലാളികളിൽ ഒരു വിഭാഗത്തിന് ഡിസംബർ 31 വരെ അമേരിക്കയിൽ താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
നിലവിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. പക്ഷേ, ഐ.ടി പ്രൊഫഷണലുകൾ അടക്കമുള്ള തൊഴിൽ അന്വേഷകർക്ക് കനത്ത തിരിച്ചടിയാണ് ട്രംപിന്റെ തീരുമാനം.
വിദ്യാർത്ഥി, തൊഴിൽ, സാംസ്‌കാരിക വിനിമയ പരിപാടികളുടെ ഭാഗമായുള്ള ജെ1 എൽ 1 വിസകളും നൽകില്ല. ഗ്രീൻ കാർഡ് ഉടമകളുടെ ജീവിതപങ്കാളിക്ക് വിസ നൽകുന്നത് നിറുത്തലാക്കി. മാനേജർമാർ അടക്കം ആരെയും ഒരു കമ്പനിയിൽ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല. ഇതോടെ തദ്ദേശീയർക്ക് അഞ്ചേകാൽ ലക്ഷം തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, നീക്കത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളിൽനിന്ന് എതിർപ്പുയരുന്നുണ്ട്. കൊവിഡ് ബാധ മൂലം തകർച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യു.എസ് ചേംബർ ഒഫ് കൊമേഴ്സും പ്രതികരിച്ചത്.
പുതിയ നിയമം പ്രാബല്യത്തിലായതോടെ, ഇൻഫോസിസും ടി.സി.എസും പോലെ അമേരിക്കയിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ കമ്പനികൾ അവിടെ ഇപ്പോഴുള്ള ഒഴിവുകളിൽ തദ്ദേശീയരെ നിയമിക്കേണ്ടിവരും. കൊവിഡ് മഹാമാരിയെത്തുടർന്ന് അമേരിക്ക കനത്ത സാമ്പത്തികബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ട്രംപ് വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
‘കുടിയേറ്റം" അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് വളരെയധികം സംഭാവന നൽകി. ഇത് രാജ്യത്തെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കി. ഗൂഗിളും ഈ പ്രഖ്യാപനത്തിൽ നിരാശരായി.
ഞങ്ങൾ കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം വിപുലീകരിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യും,’
- സുന്ദർ പിച്ചൈ, ഗൂഗിൾ സി.ഇ.ഒ
‘നമ്മുടെ പ്രതിഭയെ ലോക പ്രതിഭകളിൽ നിന്ന് ഒഴിവാക്കാനോ അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിക്കാനോ ഇപ്പോൾ സമയമില്ല. കുടിയേറ്റക്കാർ ഞങ്ങളുടെ കമ്പനിയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും രാജ്യത്തിന്റെ നിർണായക ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്താണ് അവർ ഈ രാജ്യത്തേക്ക് സംഭാവന ചെയ്യുന്നത്.
- ബ്രാഡ് സ്മിത്ത് , മൈക്രോസോഫ്റ്റ് പ്രസിഡന്റ്