ന്യൂയോർക്ക്: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ, കറുത്തവർഗക്കാരനായ യുവാവിനെ ശ്വാസംമുട്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. ന്യൂയോർക്ക് സിറ്റി പൊലീസ് ഓഫീസറെയാണ് സസ്പെൻഡ് ചെയ്തത്. ഫ്ലോയ്ഡിന് അഭിവാദ്യം അർപ്പിച്ചു നടത്തിയ റാലിക്കിടെ പൊലീസിനെതിരെ മോശമായി സംസാരിച്ചെന്ന പേരിലാണ് യുവാവിനെ പൊലീസുകാരൻ ശ്വാസംമുട്ടിച്ചത്. കറുത്തവർഗക്കാരനായ യുവാവിന്റെ കഴുത്തിലൂടെ കൈയിട്ട് മുറുക്കുന്ന പൊലീസുദ്യോഗസ്ഥന്റെ വീഡിയോ പുറത്തുവന്നിരുന്നു. അയാളുടെ വയറിൽ കുത്തിപ്പിച്ച നിലയിലുമായിരുന്നു. 1993ൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കുന്നത് (ചോക്ക്ഹോൾഡ്) നിരോധിച്ചിരുന്നു. അറസ്റ്റിലായ കറുത്ത വർഗക്കാരൻ ബോധം മറഞ്ഞ് വീണിരുന്നു.
അതേസമയം, റാലിക്കിടെ പൊലീസിനെതിരെ പ്രതിഷേധക്കാർ മോശം ഭാഷയിൽ സംസാരിച്ചിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് കമ്മിഷണർ ഡെർമോട്ട് ഷിയ പറഞ്ഞു. അറസ്റ്റിലായ ആളും മറ്റു രണ്ടുപേരും വളരെ മോശമായിട്ടാണ് പൊലീസുകാരോടു സംസാരിച്ചത്. കഴിയുന്നത്രയും സംയമനമാണ് പൊലീസുദ്യോഗസ്ഥർ പാലിച്ചതെന്നും ഷിയ പറഞ്ഞു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് മേയർ ബിൽ ദേ ബ്ലാസിയോ പറഞ്ഞു. ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.