അതിർത്തിയിൽ ചൈനീസ് സേന ഇന്ത്യൻ പട്ടാളക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതോടെ രാജ്യത്ത് അലയടിച്ചുയരുന്ന ചൈനീസ് വിരുദ്ധവികാരം ഏറ്റവും കൂടുതൽ സങ്കടത്തിലാക്കിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയാണ്. കാരണം ബി.സി.സി.ഐയുടെ സ്പോൺസർമാരിൽ ഭൂരിപക്ഷവും ചൈനീസ് കമ്പനികളാണ്. എന്തിനേറെപ്പറയുന്നു ഇപ്പോൾ മാറ്റിവച്ചിരിക്കുന്ന ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർതന്നെ ചൈനീസ് മൊബൈൽ കമ്പനി വിവോ ആണ്.
വിവോയുടെ സ്പോൺസർഷിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ ആദ്യം പറഞ്ഞത് ക്രിക്കറ്റിനായി ചൈനീസ് കമ്പനി നൽകുന്ന പണം ഇന്ത്യൻ വിപണിയിലേക്കാണ് ഇറങ്ങുന്നതെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഗുണം ചെയ്യുകയെന്നുമാണ്.എന്നാൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് വിവോ ദാനമായല്ല കോടികൾ വാരിയെറിയുന്നതെന്നും മുടക്കുന്നതിന്റെ പത്തിരട്ടിയിലേറെ ഇന്ത്യൻ വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന് ഉറപ്പുള്ളതിനാലാണ് അവർ സ്പോൺസർഷിപ്പിനെത്തിയതെന്നും വിമർശനങ്ങൾ ഉയർന്നു.
ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസർ സ്ഥാനത്തുനിന്ന് വിവോയെ ഒഴിവാക്കണമെന്ന് ഇതിനകം പല സംഘടനകളും ആവശ്യമുയർത്തിക്കഴിഞ്ഞു. ഇക്കാര്യം വിശദമായി ബോർഡ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് പറഞ്ഞ് ബി.സി.സി.ഐ തത്കാലം വിവാദത്തിൽ നിന്ന് ഒഴിഞ്ഞിട്ടുണ്ടെങ്കിലും സ്പോൺസർഷിപ്പ് ഒഴിവാക്കൽ അത്ര എളുപ്പമല്ല എന്നാണ് ക്രിക്കറ്റ് രംഗത്തെയും സാമ്പത്തിക രംഗത്തെയും വിദഗ്ധർ വിലയിരുത്തുന്നത്. അഥവാ ചൈനീസ് കമ്പനികളെയും ചൈനീസ് നിക്ഷേപമുള്ള കമ്പനികളെയും ഒഴിവാക്കുകയാണ് നയമെങ്കിൽ നിലവിലെ ഒട്ടുമിക്ക സ്പോൺസർമാരെയും അങ്ങനെ ചെയ്യേണ്ടിവരുമെന്നതാണ് ബി.സി.സി.ഐയുടെ കാര്യം.
വർഷം 440 കോടിവച്ച് അഞ്ചുവർഷത്തേക്കാണ് ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് വിവോ മുടക്കുന്നത്. കൊവിഡിനെത്തുടർന്ന് ആഗോള വിപണി തകർന്നിരിക്കുന്ന സാഹചര്യത്തിൽ സ്പോൺസർഷിപ്പിൽ നിന്ന് ഒഴിവാക്കുന്നത് വിവോയെ സാമ്പത്തികമായി സന്തോഷിപ്പിക്കുകയേ ഉള്ളൂവെന്ന് ബിസിസസ് വിദഗ്ധർ പറയുന്നു. പക്ഷേ അവർ അതിനെ പ്രത്യക്ഷത്തിൽ സന്തോഷത്തോടെ സ്വീകരിക്കുകയുമില്ല. സ്പോൺസർഷിപ്പ് കരാറിൽ നിന്ന് ഏതെങ്കിലുമൊരു കക്ഷി ഏകപക്ഷീയമായി പിന്മാറിയാൽ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാനുള്ള വ്യവസ്ഥ അവർ പ്രയോജനപ്പെടുത്തും. നഷ്ടപരിഹാരമായി ബി.സി.സി.ഐ ചിലപ്പോൾ വലിയ തുക നൽകേണ്ടിയും വരും. മറ്റ് പ്രായോജകരുടെ കാര്യത്തിലും ഇതൊക്കെതന്നെയാകും സ്ഥിതി. അതുകൊണ്ടുതന്നെ ഒഴിവാക്കലിനെപ്പറ്റി കൂടുതൽ കടുത്ത തീരുമാനങ്ങളൊന്നും ബി.സി.സി.ഐയിൽ നിന്ന് ഉണ്ടാകാൻ ഇടയില്ല.
സ്പോൺസർഷിപ്പിലെ ചൈന
ചൈനീസ് കമ്പനിയായ ബി.ബി.കെ ഇലക്ട്രോണിക്സാണ് വിവോയുടെ മാതൃസ്ഥാപനം. ഇവർ ഐ.പി.എൽ 2200 കോടിയുടെ ഐ.പി.എൽ സ്പോൺസർഷിപ്പിന് പുറമെ മറ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പരസ്യം നൽകാൻ 150 കോടിയിലേറെ മുടക്കുന്നുണ്ട്.
ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർമാരായ ബൈജൂസ് ആപ്പിൽ മുഖ്യമായി നിക്ഷേപമിറക്കിയിരിക്കുന്നത് ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗ്സാണ്. പ്രതിവർഷം 300 കോടിയിലേറെ രൂപയാണ് ബൈജൂസ് ക്രിക്കറ്റിനായി മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം വൻതുകയ്ക്ക് വാങ്ങിയിട്ടുള്ള സ്റ്റാർ നെറ്റ്‌വർക്കിന്റെ പ്രസന്റിംഗ് പാർട്ട്ണർ മറ്റൊരു ചൈനീസ് മൊബൈൽ കമ്പനിയായ ഒപ്പോയാണ്.
അടുത്ത കൊല്ലം ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന ട്വന്റി -20 ലോകകപ്പിന്റെ മുഖ്യ സ്പോൺസർമാരും ഒപ്പോയാണ്.
വൻതുകയ്ക്കാണ് ഇൗ കരാറും.
ഇന്ത്യയിലെ പരമ്പരകളുടെ ട്രോഫി സ്പോൺസർമാരായ പേയ്ടിഎമ്മും സഹസ്പോൺസറായ ഡ്രീം ഇലവനും ചൈനീസ് നിക്ഷേപത്തിൽ ഒാടുന്ന കമ്പനികളാണ്. 120 മുതൽ 150 കോടിവരെ ഇൗ കമ്പനികൾ ചെലവിടുന്നുണ്ട്.
1200
കോടിയോളം രൂപയാണ് വിവിധ മൊബൈൽ കമ്പനികൾ പ്രതിവർഷം ക്രിക്കറ്റ് പരസ്യരംഗത്ത് ചെലവിടുന്നത്. ഇതിൽ മുഖ്യപങ്കും ചൈനീസ് കമ്പനികളാണ്.
വിവോയെ മാറ്റി പെട്ടെന്ന് പുതിയ സ്പോൺസറെ കണ്ടുപിടിക്കുക പ്രായോഗികമല്ല. പ്രതിവർഷം 440 കോടി മുടക്കാൻ ഇൗ കൊവിഡ് സാഹചര്യത്തിൽ ആര് തയ്യാറാകും ?.
ബി.സി.സി.ഐ
ലി നിംഗിൽ കുരുങ്ങി ഐ.ഒ.എ
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രശ്നവും ചൈനീസ് സ്പോൺസർഷിപ്പ് തന്നെ. ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ കിറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത് ചൈനീസ് കമ്പനിയായ ലി നിംഗ് ആണ്. ഇൗ കരാറും ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അടുത്ത എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് ഐ. ഒ.എ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.