മുംബൈ: രാജ്യത്തെ മൂന്നാമത് വലിയ മൾട്ടിപ്ളസ് തീയേറ്റർ ശൃംഖലയായ കാർണിവൽ ഗ്രൂപ്പ് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുമായി യോജിക്കുന്നു. ഭക്ഷണ വിതരണത്തിന് ക്ളൗഡ് കിച്ചണുകൾ തുടങ്ങാനാണിത്. കേരളത്തിലെ നഗരങ്ങളിൽ കൂടാതെ മുംബൈ, ബംഗളുരു, ജോധ്‌പൂർ,വാരണാസി എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ഉണ്ടാകുക.
പദ്ധതിക്കായി കാർണിവൽ ഗ്രൂപ്പ് 15 കോടി രൂപ മുടക്കും. കൊവിഡ് രോഗബാധയെ തുടർന്ന് അടഞ്ഞുകിടക്കുന്ന തീയേറ്ററുകൾ കിച്ചണുകളായി മാറും. ഇപ്പോൾ ഒന്നിച്ചാണെങ്കിലും വൈകാതെ ഈ വർഷം തന്നെ കാർണിവൽ ഗ്രൂപ്പ് സ്വന്തം ഭക്ഷണ വിതരണ ശൃംഖല തുടങ്ങും. ഇതോടെ ഈ മേഖലയിലെ വമ്പൻമാരായ ഡൊമിനോസ് പിസ, മക്ഡൊണാൾഡ് ഇവയുടെ വിതരണ ശൃംഖലയുമായി കാർണിവലിന് പൊരുതേണ്ടി വരും. മാർച്ചിൽ ലോക്ഡൗൺ വരും മുൻപ് തന്നെ. ജനുവരി മാസം മുതൽ 40-50 ശതമാനം വരെ ബിസിനസിൽ കുറവാണ് കാർണിവലിന് ഉണ്ടായത്.
150 ലേറെ തീയേറ്ററുകളും120ലേറെ നഗരങ്ങളിലും സാന്നിധ്യമുള്ള കാർണിവൽ ഒൻപതോളം ഇടങ്ങളിൽ അവരുടെ പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഗ്രീൻഫീൽഡിലും കരിയാടും നഗരങ്ങളിൽ മുംബയിൽ, ബംഗളുരു, ബെൽഗാവ്,ജോധ്പൂർ, അലഹബാദ്, വരണവാസി എന്നിവിടങ്ങിൽ നിലവിൽ പ്രവർത്തനമുണ്ട്. വർഷം അഞ്ഞൂറ് കോടിയാണ് ക്ളൗഡ് കിച്ചണിലൂടെ ഗ്രൂപ്പ് വരുമാനം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ തുടങ്ങിയ ശേഷം ദുബായ്, സിംഗപ്പൂർ, അമേരിക്ക, യു.കെ ഇവിടങ്ങളിലും ക്ളൗഡ് കിച്ചൺ സംവിധാനം ആരംഭിക്കാനാണ് ശ്രമമെന്ന് കാർണിവൽ ഗ്രൂപ്പ് ഡയറക്ടർ സോണി രവീന്ദ്രനാഥ് പറഞ്ഞു.