റിയാദ്: കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ വളരെക്കുറച്ച് ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇക്കൊല്ലത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെയും പങ്കെടുപ്പിക്കും. വളരെ സുരക്ഷിതവും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
'ദശലക്ഷക്കണക്കിന് അതിഥികളെ സ്വീകരിക്കാൻ ഒരുക്കമാണ്. അതേസമയം മനുഷ്യരാശിയെ പകർച്ചവ്യാധിയിൽ നിന്ന് സംരക്ഷിക്കാനുള്ള ദൗത്യം അതിപ്രധാനവുമാണ്. ഇതിനാലാണ് ഹജ്ജിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്."- അധികൃതർ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ പുറത്തുനിന്നുള്ള കൂടുതൽ അതിഥികളെ സ്വീകരിക്കൽ ഗുണകരമാകില്ലെന്നും ഒത്തുചേരൽ, മനുഷ്യർ കൂട്ടംകൂടിയുള്ള ആചാരങ്ങൾ, ഒരുമിച്ചുള്ള പ്രാർത്ഥനകൾ എന്നിവ രോഗം പടർത്തുന്നതിന് ഇടയാക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രോഗപ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യാന്തര ആരോഗ്യ സംഘടനകളെ പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ ബാദ്ധ്യതയാണെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വർഷം 2.5 ദശലക്ഷം തീർത്ഥാടകരാണ് ഹജ്ജിനെത്തിയത്.