covid-19

മെക്സിക്കോ: ഒറ്റപ്രസവത്തിലൂടെ അവർ ഒന്നിച്ചാണ് വന്നത്. കൊവിഡ് പിടിപെട്ടപ്പോഴും അങ്ങനെതന്നെ. മെക്സിക്കോയിലാണ് സംഭവം. ഒറ്റപ്രസവത്തിലെ മൂന്ന് നവജാതശിശുക്കളാണ് ഒന്നിച്ച് കൊവിഡ് രോഗബാധിതരായി ജനിച്ചത്. സംഭവം അസാധാരണമെന്നാണ് ആരോഗ്യവിദഗദ്ധർ പറയുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് പിറന്നത്. ഇതിൽ ഒരു ആൺകുട്ടിക്ക് ശ്വസന സഹായം നൽകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മെക്‌സിക്കോയിലെ സാൻ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്. അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം കുട്ടികൾക്ക് കൊവിഡ് ബാധിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. ജനന ശേഷം കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കൊവിഡ് ബാധയോടെ കുട്ടികൾ ജനിച്ചത് ആദ്യമാണെന്നും സ്‌റ്റേറ്റ് ഹെൽത്ത് സേഫ്റ്റി കമ്മിറ്റ് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുട്ടികളുടെ മാതാപിതാക്കൾ ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. മാസം തികയുന്നതിന് മുമ്പേയായിരുന്നു പ്രസവം.