ഡെറാഡൂൺ: കരസേന അംഗങ്ങളും ഇന്തോ ടിബറ്റൻ അതിർത്തി പൊലീസും ചൈനീസ് അതിർത്തിയിലുളള അവരുടെ
പോസ്റ്റിലെത്താൻ ഉപയോഗിക്കുന്ന ഉത്തരാഖണ്ഡിലെ പിതോർഗഡിലുളള ബെയ്‌ലി പാലം അമിത ഭാരം കയറ്റിവന്ന ലോറി കയറി തകർന്നു. മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി പാലം തകർത്ത് താഴെയുളള കുഴിയിലേക്ക് വീഴുകയായിരുന്നു.
ചെറിയ കാറുകൾക്ക് മാത്രം പോകാവുന്ന ബെയ്ലി പാലത്തിൽ കയറരുതെന്ന് നാട്ടുകാർ നിരന്തരം താക്കീത് നൽകിയിട്ടും ലോറി ഡ്രൈവർ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലോറി ഡ്രൈവർക്കെതിരെ മുൻസിയാരി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഡ്രൈവർ ആശുപത്രിയിലാണ്. അതിനാൽ ഇയാളുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതിർത്തി റോഡ് ഓർഗനൈസേഷൻ ആറ് ദിവസത്തിനകം പാലം അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈന അതിർത്തിയിൽ നിന്ന് 65 കിലോമീറ്റർ മാത്രം അകലെയാണ് പാലം.