ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ആഘാതംമൂലം നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയിൽ ആളോഹരി വരുമാനം 5.4 ശതമാനം ഇടിയുമെന്ന് എസ്.ബി.ഐയുടെ സാമ്പത്തികകാര്യ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ജി.ഡി.പി മൂല്യത്തിൽ നടപ്പുവർഷം പ്രതീക്ഷിക്കുന്ന 3.2 ശതമാനം ഇടിവിനേക്കാൾ കൂടുതലാണിത്. 2019-20ലെ 1.52 ലക്ഷം രൂപയിൽ നിന്ന് 1.43 ലക്ഷം രൂപയായാണ് ഈവർഷം ആളോഹരി വരുമാനം ഇടിയുക. ഡൽഹി, ഗുജറാത്ത്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഇടിവ് ഇന്ത്യയുടെ ആകെ ഇടിവിനേക്കാൾ മൂന്നിരട്ടിയോളമായിരിക്കും.
ഡൽഹിയിൽ മാത്രം 15.4 ശതമാനം ഇടിവ് ഉണ്ടാകും. 13.9 ശതമാനം ഇടിവാണ് ചണ്ഡീഗഢിൽ പ്രതീക്ഷിക്കുന്നത്; ഗുജറാത്തിൽ 11.6 ശതമാനവും. അരുണാചൽ പ്രദേശും ഗോവയും മാത്രമാണ് വരുമാന വർദ്ധന കുറിക്കുക; 0.3 ശതമാനം വീതം. ഏറ്രവും കുറഞ്ഞ വരുമാനത്തകർച്ച പ്രതീക്ഷിക്കുന്നത് മണിപ്പൂരിൽ; 0.6 ശതമാനം. കേരളത്തിൽ ആളോഹരി വരുമാനം 2.44 ലക്ഷം രൂപയിൽ നിന്ന് 2.25 ലക്ഷം രൂപയായി താഴും; ഇടിവ് 8.2 ശതമാനം.
''ആഗോളതലത്തിലും ആളോഹരി വരുമാനത്തെ കൊവിഡ് തളർത്തും. 6.2 ശതമാനം ഇടിവാണ് ഈവർഷം പ്രതീക്ഷിക്കുന്നത്. ആഗോള ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിക്കുന്ന 5.2 ശതമാനം ഇടിവിനേക്കാൾ കൂടുതലാണിത്"",
സൗമ്യകാന്തി ഘോഷ്,
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,
എസ്.ബി.ഐ
8.2%
കേരളത്തിൽ നടപ്പുവർഷം ആളോഹരി വരുമാനം 8.2 ശതമാനം കുറയും. 2.44 ലക്ഷം രൂപയിൽ നിന്ന് 2.25 ലക്ഷം രൂപയിലേക്കാണ് കുറയുക.
70%
ഇന്ത്യയുടെ ജി.ഡി.പിയിൽ പാതിയിലേറെ പങ്കുവഹിക്കുന്ന മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത് ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഇപ്പോൾ റെഡ് സോണിലാണ്. ഇവയിൽ ചിലയിടങ്ങളിൽ നിയന്ത്രണങ്ങളോടെ വിപണികൾ തുറന്നെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിൽ 70-80 ശതമാനം കുറവുണ്ട്. ഈ അനിശ്ചിതാവസ്ഥയാണ് ആളോഹരി വരുമാനത്തെ ബാധിക്കുക.