ലോസ്ആഞ്ചലസ് : പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജോയൽ ഷൂമാക്കർ അന്തരിച്ചു. 80 വയസായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ക്യാൻസർ ബാധിതനായിരുന്നു. ' ദ ലോസ്റ്റ് ബോയ്സ് ', ' ഡൈയിംഗ് യംഗ് ', ' ഫാളിംഗ് ഡൗൺ ', ' എ ടൈം ടു കിൽ ', 'സെന്റ് എൽമോസ് ഫയർ', ' ദ ഫാന്റം ഒഫ് ദ ഒപ്പേറ ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. 90കളിൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമാ പരമ്പരയിലെ ചിത്രങ്ങളായ ' ബാറ്റ്മാൻ ഫോറെവർ ', ' ബാറ്റ്മാൻ ആൻഡ് റോബിൻ ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേരിലാണ് ഷൂമാക്കറിന് ലോകമെമ്പാടും ആരാധകരുള്ളത്. 1939 ഓഗസ്റ്റ് 29ന് ന്യൂയോർക്കിൽ ജനിച്ച ഷൂമാക്കർ കോസ്റ്റൃൂം ഡിസൈനറായാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വുഡി അലന്റെ സയൻസ് ഫിഷൻ ചിത്രമായ ' സ്ലീപ്പർ ' എന്ന ചിത്രത്തിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു. പിന്നീട് 70കളിൽ ' ദ വിസ് ', ' കാർ വാഷ് ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ' ദ ഇൻക്രിഡിബിൾ ഷ്രിങ്കിംഗ് വുമൺ ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. 2011ൽ പുറത്തിറങ്ങിയ ' ട്രെസ്പാസ് ' ആണ് അവസാന ചിത്രം.