തിരുവനന്തപുരം:കാലാവസ്ഥാ പ്രവചനത്തിന് മൂന്ന് സ്വകാര്യകമ്പനികളുമായി സർക്കാർ കരാർ ഒപ്പിട്ടു. സ്കൈമെറ്റ്, ഐ.ബി.എം വെതർ, എർത്ത് നെറ്റ് വർക്ക് എന്നീ കമ്പനികളുമായാണ് കറാർ. ഒരുവർഷത്തേക്ക് 95 ലക്ഷം രൂപയാണ് കറാർ തുക. ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുകയെടുക്കുന്നത്.
2018 ലെ പ്രളയകാലത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തർക്കങ്ങളാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് അന്ന്സംസ്ഥാന സർക്കാർ വിമർശനമുന്നയിച്ചിരുന്നു.
തീരദേശങ്ങളിലും നഗരങ്ങളിലുമാണ് കാലാവസ്ഥാവകുപ്പിന് നീരീക്ഷണ കേന്ദ്രങ്ങളുള്ളത്. എന്നാൽ ഹൈറേഞ്ച് മേഖലകളിൽ നിരീക്ഷണ കേന്ദ്രങ്ങളില്ല. ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കാലാവസ്ഥാ വകുപ്പ് വിസമ്മതിക്കുകയും ചെയ്തു. എന്നാൽ, കാലാവസ്ഥാ പ്രവചനത്തിൽ സ്വകാര്യ കമ്പനികളേക്കാൾ കൃത്യത കാലാവസ്ഥാ വകുപ്പിനുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.