പത്തനംതിട്ട : ശത്രുവായി മാറിയ ചൈനയെ ഇനി കോന്നിക്ക് വേണ്ട ! കോന്നിയിലെ ചൈനാമുക്കിന്റെ പേരുമാറ്റി ചൈനയോട് പ്രതികാരം ചെയ്യാനുള്ള വാശിയിലാണ് നാട്ടുകാർ. ചൈനാമുക്ക് ജംഗ്ഷന് പുതിയ പേരിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ പ്ളാവിളയിൽ പഞ്ചായത്ത് കമ്മിറ്റിക്ക് ഇന്നലെ കത്ത് നൽകി.
അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുക്കും. അപ്പോഴറിയാം ചൈനാമുക്കിന്റെ ഭാവി. നാടിന്റെ പേര് മാറ്റാൻ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെങ്കിലും ശത്രുരാജ്യത്തിന്റെ പേര് നിലനിറുത്തുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടാം. സ്ഥലനാമങ്ങളിൽ പരിഷ്കരണമോ മാറ്റമോ വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.
കോന്നി- പുനലൂർ റോഡിൽ കോന്നി ടൗൺ കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനാണ് ചൈനാമുക്ക്. കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ചൈനാമുക്കിൽ ചൈനയുടെ ദേശീയ പതാക കത്തിച്ചതോടെ യാണ് പേരിനെചൊല്ലി വിവാദമുണ്ടായത്. തുടർന്ന് സോഷ്യൽമീഡിയയിലൂടെ നാട്ടിൽ ചർച്ച കൊഴുത്തു.ഒടുവിൽ സംഗതി പഞ്ചായത്ത് ഓഫീസ് വരെയെത്തി. ഭൂമിയുടെ രേഖകളിൽ ഉൾപ്പെടെ ചൈനാമുക്കുണ്ട്.
പേരിട്ടത് നെഹ്റു !
ജംഗ്ഷൻ ചെറുതാണെങ്കിലും ചൈനാമുക്കെന്ന് പേരിട്ടത് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് ! 1951ലെ ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണത്തിന് കോന്നിയിലെത്തിയതായിരുന്നു നെഹ്റു. സമ്മേളനം കഴിഞ്ഞ് അദ്ദേഹത്തിന് വിശ്രമത്തിന് സൗകര്യമൊരുക്കിയിരുന്നത് അതിരുങ്കലിലെ കോശി മുതലാളിയുടെ വീട്ടിലാണ്. നെഹ്റു കടന്നുപോകുന്ന വഴി കോൺഗ്രസ് പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പക്ഷേ കമ്മ്യണിസ്റ്റുകാരുടെ കോട്ടയായിരുന്ന എസ്.എൻ.ഡി.പി ജംഗ്ഷൻ മാത്രം ചുവപ്പ് നിറമായിരുന്നു.. നെഹ്റു എത്തുന്നതറിഞ്ഞ് സ്ഥലത്തെ കമ്മ്യൂണിസ്റ്റുകാരാണ് ചെങ്കൊടി കൊണ്ട് നാടിനെ ചുവപ്പിച്ചത്.ഇതുകണ്ട നെഹ്റു ഇതെന്താ കമ്യൂണിസ്റ്റ് ചൈനയോ എന്ന് അത്ഭുതത്തോടെ ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. അവരിലൂടെയാണ് ഇക്കഥ പുറത്തറിഞ്ഞത്.അങ്ങനെയാണ് നാടിന് ആ പേര് വീണതെന്ന് നാട്ടുകാർ പറയുന്നു.
-------------------