തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. രോഗം കണ്ടെത്തിയവരിൽ 79 പേർ വിദേശത്തുനിന്നും 52 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ ഒൻപത് പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട 27, പാലക്കാട് 27, ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് 6, കണ്ണൂര്‍ 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2, എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് ഒരാൾ കൊവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡൽഹിയിൽനിന്നാണ് ഇദ്ദേഹം എത്തിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ ഡൽഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാൾ , ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതം, മദ്ധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 4473 സാംപിളുകൾ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേർക്ക് രോഗം സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3451 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിൽ 1620 പേരാണുള്ളത്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 275 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇതുവരെ 1,46,649 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 39,518 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 38,581 നെഗറ്റീവായി. ഹോട്ട്സ്‌പോട്ടുകൾ 111 ആയി. നൂറിൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശ്ശൂർ 114, കോഴിക്കോട് 107, കാസർകോട് 102 ജില്ലകളിലാണ്.
ജൂൺ 15 മുതൽ 22 വരെയുള്ള വിവരങ്ങൾ നോക്കിയാൽ ആകെ രോഗികളിൽ 95% പേരും വിദേശത്തുനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ആർക്കും സമ്പർക്കത്തിലൂടെ രോഗം വന്നിട്ടില്ല.
രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ പലയിടത്തുമുണ്ട്. വലിയ ആശങ്ക വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡിന്റെ കാര്യത്തിൽ 60% കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്. ഇതിൽ 5% പേരെ ഐ.സി.യുവിലാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.