ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദ്യോകൊവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ദ്യോകൊവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ദ്യോകൊവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു താരങ്ങൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ്യോകൊവിച്ചിന്റെ പരിശോധനാഫലവും പോസിറ്റീവായത്.
'ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തിൽ പങ്കെടുത്ത ശേഷം ബെൽഗ്രേഡിലെത്തിയ ഉടനെ തന്നെ ഞങ്ങൾ പരിശോധനയ്ക്ക് വിധേയരായി. എന്റെയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല'- ദ്യോകൊവിച്ച് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ സാമൂഹിക അകലം പാലിക്കാതെ ദ്യോകൊവിച്ച് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന തരത്തിൽ വിമർശം ഉയർന്നിരുന്നു. ദ്യോക്കോയ്‌ക്ക് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.