ന്യൂഡൽഹി: ഈ വർഷത്തെ ഹുറൂൺ ആഗോള സമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് എട്ടാംസ്ഥാനം. ഏഷ്യയിലെ തന്നെ ഏറ്രവും സമ്പന്നനായ മുകേഷ് അംബാനി, ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് എട്ടാംസ്ഥാനത്ത് എത്തിയത്. പട്ടികയിൽ ആദ്യപത്തിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരനായ മുകേഷിന്റെ ആസ്‌തി 6,600 കോടി ഡോളറാണ് (ഏകദേശം അഞ്ചുലക്ഷം കോടി രൂപ). കൊവിഡിന്റെ ആദ്യ രണ്ടുമാസക്കാലത്ത്, അദ്ദേഹത്തിന്റെ ആസ്‌തിയിൽ 1,800 കോടി ഡോളറിന്റെ കുറവുണ്ടായെങ്കിലും തുടർന്നുള്ള രണ്ടുമാസക്കാലയളവിൽ 1,900 കോടി ഡോളർ വർദ്ധിച്ചു.
പട്ടികയിൽ ഒന്നാംസ്ഥാനത്ത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ആണ്; ആസ്‌തി 14.29 ശതമാനം ഉയർന്ന് 16,000 കോടി ഡോളറായി (12.07 ലക്ഷം കോടി രൂപ). 10,000 കോടി ഡോളർ ആസ്‌തിയുമായി (7.54 ലക്ഷം കോടി രൂപ) മൈക്രോസോഫ്‌റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്‌സ് രണ്ടാമതും 8,900 കോടി ഡോളർ ആസ്‌തിയുമായി (6.71 ലക്ഷം കോടി രൂപ) ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോൾട്ട് മൂന്നാമതുമാണ്. ആദ്യപത്തിൽ ഈ വർഷം മൊത്തം ആസ്‌തിയിൽ വർദ്ധന കുറിച്ച ആകെ രണ്ടുപേർ ജെഫ് ബെസോസും ആറാം സ്ഥാനത്തുള്ള സ്‌റ്റീവ് ബോൾബെറുമാണ്.
വാറൻ ബഫറ്ര് (4), മാർക്ക് സക്കർബർഗ് (4), അമാൻഷ്യോ ഒർട്ടേഗ (6), ഗൂഗിൾ സ്ഥാപകരായ സെർജീ ബ്രിൻ (8), ലാറീ പേജ് (10) എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ. പട്ടികയിൽ മുകേഷിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരൻ 72-ാമതുള്ള എച്ച്.സി.എൽ തലവൻ ശിവ് നാടാർ ആണ്; ആസ്‌തി 1,600 കോടി ഡോളർ (1.20 ലക്ഷം കോടി രൂപ). 86-ാം സ്ഥാനത്തുള്ള സേറം ഇൻസ്‌റ്റിറ്ര്യൂട്ട് ഒഫ് ഇന്ത്യയുടെ സൈറസ് പൂനാവാലയും 95-ാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുമാണ് ആദ്യ 100ൽ ഇടം പിടിച്ച മറ്ര് ഇന്ത്യക്കാർ.