ന്യൂഡല്‍ഹി: കൊവിഡ് രോഗത്തിനുള്ള ആയുര്‍വേദ മരുന്ന് തങ്ങൾ നിർമിച്ചുവെന്നു അവകാശപ്പെട്ട പതഞ്ജലി ഗ്രൂപ്പിനോട് വിശദീകരണം തേടി കേന്ദ്രസർക്കാർ. കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്നിന്റെ പരസ്യം സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ നിർത്തിവയ്ക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
വെറും ഒരാഴ്ച കൊണ്ട് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് പതഞ്ജലി സ്ഥാപകനും യോഗാചാര്യനും വ്യവസായിയുമായ ബാബ രാംദേവ് 'കൊറോണിൽ സ്വാസാരി' എന്ന മരുന്ന് ഇന്ന് പ്രഖ്യാപിച്ചത്. രോഗികളിൽ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്നും പതഞ്ജലി പറയുന്നുണ്ട്.
രാജ്യത്തുടനീളം 280 രോഗികളിലാണ് മരുന്ന് പരീക്ഷച്ചതെന്ന് ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രാംദേവ് അവകാശപ്പെട്ടിരുന്നു. മരുന്ന് കഴിച്ച രോഗികളിൽ 69 ശതമാനവും മൂന്ന് ദിവസംകൊണ്ട് സുഖപ്പെട്ടു. മരുന്നുകഴിച്ചാൽ ഒരാഴ്ചകൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നും അദ്ദേഹം പറയുന്നു.
ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.