തൃശൂർ: നവവധു ദുരൂഹമായി മരിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. മനോജ്കുമാർ, എസ്.ഐ. കെ.ജെ. ജിനേഷ് എന്നിവരെ മദ്ധ്യമേഖല ഐ.ജി. അശോക് യാദവ് സസ്‌പെൻഡ് ചെയ്തു.
മുല്ലശ്ശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയാണ് പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ മരിച്ചത്. ജനുവരി ആറിന് വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസമായിരുന്നു മരണം.
കഴുത്തിലും ശരീരത്തിലും പാടുകളുണ്ടായിരുന്നിട്ടും കുഴഞ്ഞു വീണു മരിച്ചു എന്ന നിലയിലായിരുന്നു പൊലീസ് നടപടികൾ.
ഭർത്താവ് അരുണിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നില്ല. ഇയാൾ വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശുചിമുറി സീൽ ചെയ്യാത്തതുമൂലം ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനായില്ല. ഭർത്തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. കഴുത്തിലേറ്റ പാടുകളും നെഞ്ചിലെ മുറിവുകളും പോസ്റ്റ്‌മോർട്ടത്തിൽ എടുത്തുപറഞ്ഞിരുന്നു.
അന്തിക്കാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി. ജനകീയ ആക്‌ഷൻ കൗൺസിൽ സമരം ആരംഭിക്കുകയും അന്തിക്കാട് പൊലീസിനെതിരെ നടപടി ആവശ്യപെടുകയും ചെയ്തിരുന്നു.