rehna-fathima

തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് നഗ്നചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ യൂട്യൂബ് ചാനലിലൂടെയാണ് നഗ്നശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ പുറത്തുവിട്ടത്. കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്. രഹ്നയ്‌ക്കെതിരെ പോക്‌സോ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രഹ്നയുടെ മക്കൾ തന്നെയാണ് ശരീരത്തിൽ ചിത്രം വരയ്ക്കുന്നതെന്നാണ് വിവരം.

അതേസമയം സ്ത്രീ ശരീരത്തെക്കുറിച്ചു്‌ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ച മിഥ്യാ ധാരണകള്‍ക്കുമെതിരെയാണ് തന്‍െ്‌റ വീഡിയോ എന്നാണ് രഹ്ന ഫാത്തിമയുടെ വാദം. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമുഹത്തില്‍ കേവലം വസ്ത്രത്തിനുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും രഹ്ന പറയുന്നു.

സ്തീ ശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാണിക്കുകയും വേണമെന്നും അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും രഹ്ന ഫാത്തിമ പറഞ്ഞു. 'സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാകില്ല' എന്നും വീഡിയോ ഷെയർ ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ രഹ്ന പറയുന്നു.