ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്ത്ഥാനടമില്ലെന്നറിയിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വർഷം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ഹജ്ജ് യാത്രയ്ക്കായി അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ഹജ്ജിനായി ലഭിച്ചത് 2,13,000 അപേക്ഷകളാണ്. അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കും. തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു മടക്കിനല്കാനുള്ള പ്രക്രിയ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക മടക്കിനല്കാനുള്ള പ്രക്രിയ ആരംഭിച്ചു.ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച പ്രസ്താവന സൗദി അറേബ്യ പുറപ്പെടുവിച്ചത്. നിലവില്‍ സൗദിയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാര്ക്ക് മാത്രമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് രാജ്യം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.