ന്യൂഡൽഹി: ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പകതി ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരെ ഇന്ത്യയും പിൻവലിക്കും. ഏഴുദിവസത്തിനകം ഇത് നടപ്പാക്കുമെന്നും ഇന്ത്യ അറിയിച്ചു.
ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥരെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്നാണ് ഇന്ത്യ നിലപാട് കർശനമാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യൻ ജീവനക്കാരെ പാകിസ്ഥാൻ പല രീതിയിൽ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
അതിന് പിന്നാലെയാണ് ജീവനക്കാരുടെ എണ്ണം പകുതിയാക്കുമെന്ന തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്ഥാൻ 'ഷാഴ് ദ അഫേഴ്സിനെ' വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ നിലപാട് അറിയിച്ചത്. ജൂൺ 15നാണ് പാക് ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജൻസികൾ അനധികൃതമായി പത്ത് മണിക്കറിലധികം കസ്റ്റഡിയിൽ വച്ചത്.